ഹൈദരാബാദ് : ആറ് യുവതികളെ വിവാഹം കഴിച്ച് പറ്റിച്ച യുവാവ് ആന്ധ്രാ പ്രദേശിൽ പിടിയിൽ. സ്ത്രീകളെ വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ കൊണ്ടാപ്പൂർ സ്വദേശി അടപ ശിവശങ്കര ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെയും ആന്ധ്രാ പ്രദേശിലെയും സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഇയാൾ വിവാഹ തട്ടിപ്പ് നടത്തിയത്. അതിലൊരു ഇരയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ നാല് വർഷമായി ഇയാൾ സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കുകയാണ്. വിവാഹ മോചിതരായ സ്ത്രീകളെ ലക്ഷ്യം വെച്ചാണ് തട്ടിപ്പ്. മാട്രിമോണി സൈറ്റുകൾ സന്ദർശിച്ച് അവിടെ നിന്ന് വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തും, വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം അവരുമായി സൗഹൃദം സ്ഥാപിക്കും. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് താനെന്ന് പറഞ്ഞാണ് പരിചയപ്പെടുക. സ്ത്രീകളെ പൂർണമായും വിശ്വസിപ്പിച്ച ശേഷം വിവാഹാഭ്യർത്ഥന നടത്തും.
തനിക്ക് ലക്ഷങ്ങൾ ശമ്പളമുണ്ടെന്നും വലിയ സാമ്പത്തിക സ്ഥിതിയുണ്ടെന്നുമെല്ലാം പറഞ്ഞ് പറ്റിക്കും. സ്ത്രീകൾ വലയിൽ വീണാൽ ഉടൻ ബന്ധുക്കളെ വിളിച്ച് കാര്യം അവതരിപ്പിക്കും. ഒടുവിൽ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭാര്യയുടെ പണവും സ്വർണവുമെടുത്ത് മുങ്ങും.
കൊണ്ടാപ്പൂരിൽ നിന്നുള്ള ഒരു സ്ത്രീയായിരുന്നു അയാളുടെ ഒടുവിലത്തെ ഇര. മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം 20 ലക്ഷം രൂപയും സ്വർണാഭരണങ്ങളുമായി ഇയാൾ മുങ്ങുകയായിരുന്നു. സംഭവത്തിൽ യുവതി പരാതി നൽകിയതോടെയാണ് സമാനമായ പരാതികൾ മറ്റ് പോലീസ് സ്റ്റേഷനുകളിലും ലഭിച്ചതായി കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വിശാഖപട്ടണത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നു. മറ്റ് നിരവധി സ്ത്രീകളെ ഇയാൾ പറ്റിച്ചതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments