പ്രായം 25 പിന്നിടുമ്പോഴേക്കും ചർമ്മത്തിൽ പ്രായക്കൂടുതൽ തോന്നുന്നുണ്ടോ എന്ന് വേവലാതിപ്പെടുന്നവർ ഏറെയുണ്ട് നമുക്ക് ചുറ്റും. പ്രായം കുറയ്‌ക്കാനായി നുറുങ്ങുവിദ്യകളിൽ തുടങ്ങി ലക്ഷങ്ങളും കോടികളും ചിലവിട്ടുള്ള ശസ്ത്രക്രിയകൾക്ക് വരെ ആളുകൾ വിധേയരാവുന്നു. പ്രായം അത്ര തോന്നിക്കാത്ത ആളുകളെ കണ്ടാൽ അസൂയയോടെ നോക്കി ‘ ചർമ്മം കണ്ടാൽ പ്രായം തോന്നില്ല’ എന്ന് പറയാറുണ്ടല്ലേ?
എന്നാൽ ചൈനയിലെ മാവോ ഷെങിന് തിരിച്ചാണ് അഭിപ്രായം. എങ്ങനെയെങ്കിലും തനിക്കൽപ്പം പ്രായം തോന്നിയാൽ മതി എന്നാണ് 27 കാരനായ മാവോ ഷെങ് പറയുന്നത്. വയസ് 27 ആയെങ്കിലും കാഴ്ചയിൽ 8-10 വയസ് മാത്രമേ മാവോയ്‌ക്ക് തോന്നുകയുള്ളൂ. അടിപൊളി, എനിക്കും ഇങ്ങനെ ആവണം എന്ന് ആഗ്രഹിക്കാൻ വരട്ടെ.
കാഴ്ചയിൽ പ്രായം തോന്നാത്തത് കാരണം ജീവിതത്തിൽ തനിക്ക് നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വരുന്നതായി മാവോ പറയുന്നു. ജോലി ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. ജോലി അന്വേഷിച്ച് പോകുമ്പോൾ തന്റെ ഈ രൂപവും മുഖവും കൊച്ചു കുട്ടിയെ പോലെ തോന്നുന്നുവെന്നും, മുതിർന്ന ആളെയാണ് ജോലിയ്‌ക്ക് ആവശ്യമെന്നും പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുന്നത്.
ജോലി കിട്ടാത്തത് കാരണം കുടുംബത്തിനായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് യുവാവിന്റെ പരാതി. 1995 ൽ താൻ ജനിച്ചത് എന്ന് തെളിയിക്കുന്ന രേഖകൾ അടക്കം മാവോ വീഡിയോ ചെയ്തതോടെയാണ് യുവാവിന്റെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്.














