കോഴിക്കോട് : ലിംഗസമത്വം എന്ന പേരിൽ സ്‌കൂളുകളിൽ മതനിഷേധം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. ലിംഗസമത്വ യൂണിഫോമിനെതിരെയായിരുന്നു എംകെ മുനീറിന്റെ പരാമർശം. പെൺകുട്ടികൾ പാന്റും ഷർട്ടും ധരിക്കുന്നത് എന്തിനാണെന്നും മുനീർ ചോദിച്ചു. എം എസ് എഫ് ക്യാംപെയിനിന്റെ ഭാഗമായി കോഴിക്കോട് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികൾ ധരിക്കുന്ന വേഷം ആൺകുട്ടികൾക്ക് ചേരില്ലേ എന്നാണ് മുനീർ ആരാഞ്ഞത്. പിന്നെ പെൺകുട്ടികളെ പാൻറും ഷർട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരിധരിക്കുമോയെന്നും മുനീർ ചോദിച്ചു. ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.















