ജബൽപൂർ: മദ്ധ്യപ്രദേശിൽ ജബൽപൂരിലെ സ്വകാര്യ ആശുപത്രിക്ക് തീ പിടിച്ച് എട്ട് മരണം. ജബൽപൂരിലെ ഗോഹൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദാമോഹ് നക്കയ്ക്ക് സമീപമുള്ള ന്യൂ ലൈഫ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് സംഭവം. മരിച്ചവരിൽ നാല് രോഗികളും മൂന്ന് ആശുപത്രി ജീവനക്കാരും ഒരു അറ്റൻഡറും ഉൾപ്പെടുന്നു.
ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം ഉണ്ടായത്. നാല് ഫയർ എഞ്ചിനുകളും നാല്പതോളം ഫയർമാൻമാരും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. വോൾട്ടേജ് വ്യതിയാനത്തെ തുടർന്ന് ആശുപത്രിയോട് ചേർന്നുള്ള ജനറേറ്ററിലാണ് തീപിടിത്തമുണ്ടായത്. ഫാർമസി വിഭാഗത്തിനാണ് ആദ്യം തീപിടിച്ചത്.
ആശുപത്രിയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നു. അതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് വേഗത്തിൽ എത്താൻ സാധിച്ചുവെന്ന് ജബൽപൂരിലെ ഫയർ ഓഫീസർ കുഷാർഗ്ര താക്കൂർ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഏഴുപേരെ ആശുപത്രിയ്ക്കുള്ളിൽ നിന്ന് അഗ്നിശമനസേന രക്ഷപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Comments