അത്യാധുനിക മിസൈൽ സംവിധാനം പ്രയോഗിച്ച് കൊടുംഭീകരനെ അവന്റെ വീട്ടിലെത്തി അരിഞ്ഞുതള്ളിയിരിക്കുകയാണ് അമേരിക്ക. 2011-ൽ ബിൻ ലാദനെ വധിച്ചതിന് ശേഷം ഭീകരസംഘടനകൾക്കേറ്റ കനത്ത പ്രഹരം. എന്നാൽ അൽ-ഖ്വായ്ദയുടെ തലവനും ബിൻലാദന്റെ ഉറ്റവനുമായിരുന്ന അയ്മൻ അൽ-സവാഹിരിയുടെ അന്ത്യം വാർത്തകളിൽ നിറയുമ്പോൾ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. സവാഹിരിയുടെ പിൻഗാമിയാകുന്ന ഭീകരൻ ആരായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഇനി അൽ-ഖ്വായ്ദയുടെ ഭീകരപ്രവർത്തനങ്ങളെ നയിക്കാൻ പോകുന്നത് സെയ്ഫ് അൽ-അദലാണ്. ഈജിപ്ഷ്യൻ മുൻ സൈനിക ഉദ്യോഗസ്ഥനും അൽ-ഖ്വായ്ദയുടെ സ്ഥാപകാംഗവുമായിരുന്ന കൊടുംഭീകരൻ.
യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം 1980-കളിലാണ് അദലിന്റെ ഭീകരപ്രവർത്തനം ആരംഭിക്കുന്നത്. ഭീകര സംഘടനയായ മക്തബ് അൽ-ഖിദ്മത്തിൽ ആദ്യമായി ചേർന്നു. ഈ കാലയളവിൽ ബിൻ ലാദനെയും സവാഹിരിയെയും കണ്ടുമുട്ടി. ലാദന്റെ സംഘടനയായിരുന്ന ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദിൽ പിന്നീട് പങ്കുച്ചേർന്നു. ഒരു കാലത്ത് ഒസാമ ബിൻ ലാദന്റെ സുരക്ഷാ മേധാവി കൂടിയായിരുന്നു സെയ്ഫ് അൽ-അദൽ. 1980 കാലഘട്ടത്തിൽ അഫ്ഗാനിസ്ഥാനിൽ വെച്ച് റഷ്യൻ സൈന്യത്തോടും അദൽ ഏറ്റുമുട്ടി.
അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ കൊടുംഭീകരരുടെ പട്ടികയിലും 2001 മുതൽ ഇയാൾ ഇടംപിടിച്ചു. അദലിനെക്കുറിച്ച് വിവരം പങ്കുവെക്കുന്നവർക്ക് 10 മില്യൺ ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം.
അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തൽ, ഇതിനായി ഗൂഢാലോചന നടത്തൽ, യുഎസിന്റെ സ്വത്തുക്കളും കെട്ടിടങ്ങളും തകർക്കൽ, അമേരിക്കയുടെ ദേശീയ പ്രതിരോധ സ്ഥാപനങ്ങൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അദലിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. കൂടാതെ, കെനിയയിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഭീകരാക്രമണം ഉൾപ്പെടെ അൽ-ഖ്വായ്ദയുടെ കുപ്രസിദ്ധ ഭീകര പ്രവർത്തനങ്ങളിൽ ഇയാൾ നിർണായ പങ്കുവഹിച്ചിരുന്നു. 2003ൽ റിയാദിൽ നടന്ന ചാവേർ ആക്രമണം, 2011ൽ മാദ്ധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ അദലിന്റെ ഇടപെടലും ഗൂഢാലോചനയും പ്രധാനപ്പെട്ടതായിരുന്നു. നിലവിൽ ഇറാനിലെ രഹസ്യ താവളത്തിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments