സൂറത്ത്: രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ച് സൈനികർക്ക് രാഖി നിർമ്മിച്ച് ദിവ്യാംഗ കുട്ടികൾ. ഗുജറാത്തിലെ സൂറത്തിലെ ദിവ്യാംഗ സ്കൂളിലെ കുട്ടികളാണ് അതിർത്തി കാക്കുന്ന വീരജവാന്മാർക്കായി 2,000 രാഖി നിർമ്മിക്കുന്നത്.
ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ കഴിഞ്ഞ 15 വർഷമായി ഇത്തരം ആഘോഷവേളകളിൽ രാഖി നിർമ്മിക്കാറുണ്ട്. തികഞ്ഞ ആത്മാർത്ഥയോടെയും അർപ്പണബോധത്തോടെയുമാണ് കുട്ടികൾ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മോന ബൈദസ്വാല സ്കൂളിലെ പരിശീലക വ്യക്തമാക്കി.
ആദ്യം അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നു. അവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.രാഖി നിർമ്മിക്കാനാവശ്യമായ വസ്തുക്കൾ സ്കൂളിൽ ലഭ്യമാണെന്നും അവർ വ്യക്തമാക്കി. കുട്ടികൾ ദിവ്യാംഗ വിഭാഗത്തിൽ പെടുന്നവരാണെങ്കിലും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ കുട്ടികൾക്ക് ഉറപ്പു നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണ മാസത്തിലെ പൗർണമി ദിനത്തിലാണ് രക്ഷാബന്ധൻ ദിനമാഘോഷിക്കുന്നത്. സഹോദര സ്നേഹത്തെ അടയാളപ്പെടുത്തുന്ന രക്ഷാബന്ധൻ ഇക്കുറി ഓഗസ്റ്റ് 11 നാണ് ആഘോഷിക്കുന്നത്.
Comments