വാഷിംഗ്ടൺ: അവിശ്വസനീയവും എന്നാൽ പ്രതീക്ഷയുണർത്തുന്നതുമായ അവകാശവാദവുമായി യുഎസ് ഗവേഷകർ. ചത്ത് ഒരു മണിക്കൂറിന് ശേഷം പന്നിയുടെ അവയവങ്ങൾ ഭാഗികമായി പുനരുജ്ജീവിപ്പിച്ചെന്നാണ് ഗവേഷകർ ഉന്നയിച്ചിരിക്കുന്നത്. യേൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നിൽ.
സാധാരണയായി ഹൃദയമിടിപ്പ് നിലയ്‌ക്കുമ്പോൾ, ശരീരത്തിന് ഓക്‌സിജനും അതിജീവിക്കാൻ ആവശ്യമായ പോഷകങ്ങളും ലഭിക്കാതെയാകും. ഇതോടെ അവയവങ്ങൾ വീർക്കുന്നു. രക്തക്കുഴലുകൾ തകരുന്നു. കോശങ്ങൾ ( ഇവയാണ് ശരീരത്തിന്റെ അവയവങ്ങളുടെ നിർമ്മാണ ബ്ലോക്കുകൾ ) നശിച്ച് തുടങ്ങുന്നു.ഈ സെല്ലുലാർ മരണം വേഗമേറിയതും മാറ്റം വരുത്താൻ സാധിക്കാത്തതുമാണെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നുത്.
എന്നാൽ യേൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ജീവൻ നഷ്ടപ്പെട്ട പന്നികളിലെ ചില സെല്ലുകൾ പുനരുജ്ജീവിപ്പിച്ചു. മരണശേഷം ഈ സെല്ലുകൾ പ്രവർത്തിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പുതിയ കണ്ടുപിടിത്തത്തോടെ മരണം സംഭവിച്ച് ഒരു മണിക്കൂറുകൾക്ക് ശേഷവും അവ പ്രവർത്തിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ നേനാദ് സെസ്താൻ വ്യക്തമാക്കി.
ജീവൻ നഷ്ടപ്പെട്ട ജീവകളിലെ ശരീരത്തിന് ചുറ്റും ഓക്‌സിജൻ കൊണ്ടുപോകാൻ ഒരു സിന്തറ്റിക് രക്തം ഉപയോഗിക്കുന്നു. ഇത് കട്ടപിടിക്കാത്തതിനാൽ പന്നിക്കുള്ളിലെ തകരുന്ന രക്തക്കുഴലുകളെ നിയന്ത്രിക്കാൻ കഴിയുന്നു. മരണവേളയിൽ കോശങ്ങൾ മരിക്കുന്നതിന് കാരണമാകുന്ന രാസപ്രക്രിയകളെ തടസ്സപ്പെടുത്താനും (അപ്പോപ്ടോസിസ് എന്നറിയപ്പെടുന്നു) രോഗപ്രതിരോധ സംവിധാനത്തെ ശാന്തമാക്കാനും 13 സംയുക്തങ്ങൾ അടങ്ങിയ ഈ കോക്ടെയ്ൽ സംയുക്തത്തിന് കഴിയുന്നു. ഹൃദയത്തിന്റെ സ്പന്ദനം നിലനിർത്തുന്നതിനായി ഇത് ശരീരത്തിന് ചുറ്റുമുള്ള ദ്രാവകത്തെ പ്രത്യേക രീതിയിൽ പമ്പ് ചെയ്യുന്നു.
ഇത്തരത്തിലാണ് പുതിയ കണ്ടുപിടിത്തം പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി.
2019 ലാണ് ഗവേഷകർ ഇത് സംബന്ധിച്ച പരീക്ഷണങ്ങൾ ആരംഭിച്ചത്. അന്ന് ഗവേഷക സംഘം പന്നിയുടെ തലച്ചോറിൽ നടത്തിയ പരീക്ഷണത്തിൽ സമാനമായി നേട്ടം കൈവരിച്ചിരുന്നു. ഗവേഷകർ തങ്ങളുടെ പുതിയ സാങ്കേതികവിദ്യയെ ഓർഗൻ എക്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് ശരീരം മുഴുവനും പ്രവർത്തനക്ഷമമാക്കാനുള്ള സാധ്യതയാണ് ഗവേഷകർ ഇതിലൂടെ മുന്നോട്ട് വെയ്‌ക്കുന്നത്.
ഈ സാങ്കേതിക വിദ്യ പൂർണ്ണസജ്ജമായാൽ അവയവമാറ്റ ശസ്ത്രക്രിയാരംഗത്ത് വലിയ മാറ്റം വരുത്താൻ കഴിയുമെന്നും ഇത് വഴി ഡോക്ടർമാർക്ക് കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ.
Comments