കാബൂൾ: അൽ-ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ച യുഎസ് ഡ്രോൺ ആക്രമണത്തിൽ ഭീകരസംഘടനയായ ഹഖാനിയിലെ അംഗങ്ങളും കൊല്ലപ്പെട്ടതായി വിവരം. താജിക്കിസ്ഥാനിലെ അഫ്ഗാൻ പ്രതിനിധി അംബാസഡർ മുഹമ്മദ് സാഹിർ അഗ്ബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റ് രണ്ടിന് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്.
യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹഖാനി ഭീകരരുടെ നിരവധി വീടുകളും തകർത്തിരുന്നു. കുടുംബാംഗങ്ങളിൽ ചിലർ കൊല്ലപ്പെട്ടതോടെ ഹഖാനി ഭീകരർ കാബൂൾ വിട്ടുപോയെന്നും മുഹമ്മദ് സാഹിർ കൂട്ടിച്ചേർത്തു.
അഫ്ഗാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ അടുത്ത അനുയായിയുടെ ഉടമസ്ഥതയിലുള്ളതാണ് അൽ-ഖ്വയ്ദ നേതാവ് ഒളിവിൽ കഴിഞ്ഞ കാബൂളിലെ ബഹുനില ബംഗ്ലാവ്. ആക്രമണത്തിന് പിന്നാലെ സിറാജുദ്ദീൻ ഹഖാനിയും മറ്റ് ഉന്നത നേതാക്കളും കാബൂളിലെ സുരക്ഷിത കേന്ദ്രങ്ങൾ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറി. എന്നാൽ നിരവധി തീവ്രവാദ ഗ്രൂപ്പുകൾ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ സജീവമായി നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടത് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള കാര്യമല്ല. താലിബാന്റെ സംരക്ഷണത്തിലാണ് അഫ്ഗാനിസ്ഥാനിൽ ഭീകരവാദം വളരുന്നതെന്ന് അന്താരാഷ്‌ട്ര സമൂഹം അറിയുക എന്നതാണ് ജനങ്ങൾക്ക് പ്രധാനമെന്നും മുഹമ്മദ് സാഹിർ വ്യക്തമാക്കി.
Comments