ബർമിംഗ്‌ഹാം : ഇന്ത്യയ്‌ക്കായി കോമൺവെൽത്തിൽ ശ്രീശങ്കറിന് സ്വർണ്ണം നഷ്ടമായത് സാങ്കേതിക പരിശോധനയിൽ. ഫൗൾ ടേപ്പിൽ കാല് പതിയാഞ്ഞിട്ടും ഫോട്ടോയിൽ ഒരു മില്ലീമീറ്ററിന്റെ സംശയമാണ് വിനയായത്. കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി താരം എം ശ്രീശങ്കർ പുരുഷ ലോംഗ് ജംപിൽ 8.08 മീറ്റർ ചാടിയാണ് വെള്ളി മെഡൽ ഉറപ്പിച്ചത്. അതിന് മുന്നേ അതേ ദൂരം ചാടിയ ബഹാമാസിന്റെ ലാഖ്വാൻ നായേണിനാണ് സ്വർണ്ണം ലഭിച്ചത്.
ഏറ്റവും മികച്ച ചാട്ടം 7.84ൽ പൂർത്തിയാക്കിയ ശേഷമാണ് അതീവ മികവോടെ 8.08 മീറ്ററും 8.20 മീറ്ററും ശ്രീശങ്കർ മറികടന്നത്. എന്നാൽ ഫൗളിന്റെ പേരിലാണ് 8.20 ചാട്ടം അനുവദിക്കാ തിരുന്നത്. ബഹാമാസിന്റെ ലാഖ്വാൻ നായേൺ 8.08 മീറ്റർ നാലാം അവസരത്തിൽ ചാടിയ താണ് സ്വർണ്ണത്തിന് അർഹനാക്കിയത്.
കാലിന്റെ മുൻവശം കുതിക്കുന്ന ഭാഗത്തിനപ്പുറം പോകാതിരിക്കാൻ ഒരു കറുത്ത ടേപ്പ് ഒട്ടിക്കലാണ് ആദ്യമുണ്ടായിരുന്നത്. അതിൽ ഷൂസിന്റെ പാട് പതിയുമ്പോഴാണ് ഫൗളായി കണക്കാക്കിയിരുന്നത്. നിലവിൽ അത് പതിഞ്ഞില്ലെങ്കിലും ഷൂസിന്റെ മുൻവശം ടേപ്പിന് മുകളിലേക്ക് വന്നു എന്ന് ഡിജിറ്റൽ ഇമേജിൽ കണ്ടാലും ഫൗളാക്കുമെന്ന അവസ്ഥയാണ്. 2020 സെപ്തംബർ 8 മുതലാണ് ഈ പുതിയ മാറ്റം നിലവിൽ വന്നത്.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്കായി ലോംഗ് ജംപിൽ വെള്ളി നേടുന്ന മൂന്നാമത്തെ താരമായി ശ്രീശങ്കർ മാറിയിരിക്കുകയാണ്. 1978 ൽ മലയാളി താരം സുരേഷ് ബാബുവും 2002ൽ അഞ്ജു ബോബി ജോർജ്ജും നേടിയ വെങ്കലമെഡലുകളാണ് ഇതിന് മുന്നിലെ മികച്ച നേട്ടം.















