ലൂസേണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനത്തിന്റെ മറ്റൊരു സുവര്‍ണ അധ്യായം. 2026 വേള്‍ഡ് റോയിങ് കപ്പ് മൂന്നില്‍ ഇന്ത്യയുടെ ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും ചേര്‍ന്ന് രാജ്യത്തിന് ആദ്യമായി ലോക റോയിങ് കപ്പ് സ്വര്‍ണമെഡല്‍ സമ്മാനിച്ച് ചരിത്രം രചിച്ചു. ലൂസേണില്‍ നടന്ന ലൈറ്റ്‌വെയ്റ്റ് മെന്‍സ് ഡബിള്‍ സ്‌കള്‍സ് ഫൈനലിലാണ് ഇന്ത്യന്‍ സഖ്യം അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
6 മിനിറ്റ് 26.09 സെക്കന്‍ഡ് സമയം കുറിച്ചാണ് ഇന്ത്യന്‍ ജോഡി ഫിനിഷിംഗ് ലൈന്‍ ആദ്യം കടന്നത്. വെറും ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഹോങ്കോങ് സഖ്യം (6:27.14) രണ്ടാം സ്ഥാനത്തും നെതര്‍ലന്‍ഡ്‌സ് (6:27.36) മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അവസാന മീറ്ററുകള്‍ വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ ചരിത്രവിജയം.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ലക്ഷ്യയുടെയും ഉജ്ജ്വലിന്റെയും അന്താരാഷ്‌ട്ര അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ലോക റോയിങ് കപ്പ് ഒന്നാം ഘട്ടത്തിലെ ജേതാക്കളായ ഹോങ്കോങ്ങിന്റെ ലം സാന്‍ തുങ് – ചാന്‍ ടിക് ലങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണത്തിലേക്ക് തുഴഞ്ഞുകയറിയത്.
ഇരുവരും ഇന്ത്യന്‍ സൈന്യത്തിലെ ഹവില്‍ദാര്‍മാരാണ്. ലോക റോയിങ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 18 അംഗ സംഘത്തില്‍ 17 പേരും ഇന്ത്യന്‍ സൈന്യത്തില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഇന്ത്യന്‍ നാവികസേനയില്‍ നിന്നുമാണ്. ചരിത്രവിജയത്തിന് പിന്നാലെ Indian Army Sports And Adventure Wing സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനമറിയിച്ചു.
‘ഇന്ത്യയുടെ ആദ്യ വേള്‍ഡ് റോയിങ് കപ്പ് സ്വര്‍ണം. ഹവില്‍ദാര്‍ ലക്ഷ്യയും ഹവില്‍ദാര്‍ ഉജ്ജ്വല്‍ കുമാര്‍ സിംഗും ലൂസേണില്‍ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യന്‍ സൈന്യത്തിനും രാജ്യത്തിനും അഭിമാന നിമിഷം.’ ‘ഇത് ഇന്ത്യന്‍ റോയിങ്ങിന്റെ പുതിയ യുഗം’. ആര്‍മി റോയിങ് നോഡിന്റെ കമാന്‍ഡിങ് ഓഫീസര്‍ കര്‍ണല്‍ രാമകൃഷ്ണന്‍ ഈ നേട്ടത്തെ ഇന്ത്യന്‍ റോയിങ് ചരിത്രത്തിലെ വഴിത്തിരിവായി വിശേഷിപ്പിച്ചു.
‘ഇന്ത്യന്‍ റോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ലോകോത്തര പരിശീലനത്തിന്റെയും ഫലമാണ് ഈ സ്വര്‍ണം. ഭാവിയില്‍ ഒളിമ്പിക് മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് ഈ വിജയം വലിയ പ്രചോദനമാകും.’ ലോക റോയിങ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് വേള്‍ഡ് റോയിങ് കപ്പ് നടക്കുന്നത്. ഒളിമ്പിക് നിലവാരത്തിലുള്ള നിരവധി ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടം രാജ്യത്തിന്റെ റോയിങ് ചരിത്രത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുകയാണ്.















