സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ടുവെങ്കിലും ഒരു പുതുമുഖ താരത്തിന്റെ ആവേശവും ആത്മാർത്ഥയുമാണ് മമ്മൂട്ടിയ്ക്ക് സിനിമയോടുള്ളത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് വ്യത്യസ്ത സിനിമകളെ തേടി പോകാനും പുതിയ പുതിയ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന അതുല്യ കലാകാരൻ കെട്ടിയാടാത്ത വേഷങ്ങളില്ല എന്നു വേണം പറയാൻ. തന്നിലെ നടന്റെ കുറവുകളെ കൃത്യമായി വിലയിരുത്തി സ്വയം മിനുക്കിയെടുത്ത് വിസ്മയിപ്പിക്കുന്ന താരമാണ് അദ്ദേഹം. ഇപ്പോഴിതാ താൻ ഒരു സ്റ്റാർ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.
ലാൽ ജോസ് സംവിധാനം ചെയ്യുന്ന സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന പുതുമുഖ താരങ്ങളുമായി സംവദിക്കവെ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. “ഞാനൊരു സ്റ്റാർ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്സിമം വില്ലന്റെ പിന്നിൽ യെസ് ബോസ് പറഞ്ഞു നിൽക്കുന്ന ഒരാൾ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാർ ഒന്നു ശ്രദ്ധിച്ചു കിട്ടാൻ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല” എന്ന് മമ്മൂട്ടി പറയുന്നു.
സിനിമയല്ലാതെ തന്നെ മറ്റൊന്നും പ്രചോദിപ്പിച്ചിട്ടില്ല. സിനിമയെ അല്ലാതെ മറ്റൊന്നിനേയും തേടി താൻ പോയിട്ടില്ല എന്നും മമ്മൂട്ടി പറയുന്നു. സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മൾ സൂക്ഷിക്കുന്നത്. പ്രേക്ഷകർക്ക് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലും ഉണ്ടെന്ന് മമ്മൂട്ടി പുതുമുഖ താരങ്ങളോട് പറഞ്ഞു. അതേസമയം, ആറാട്ടിന് ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്.















