ന്യൂഡൽഹി: ഇന്ത്യ കണ്ടതിൽ വെച്ച് മികച്ച കായിക താരമാണ് പിവി സിന്ധുവെന്ന് വ്യക്തമാക്കി മുൻ ബാഡ്മിന്റൺ താരവും പരിശീലകനുമായ പുല്ലേല ഗോപീചന്ദ്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണ വിജയത്തിന് പിന്നാലെയാണ് ആശംസകളുമായി മുൻ പരിശീലകൻ എത്തിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് താരം കാഴ്ച വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമാണ് കോമൺവെൽത്തിലെ സ്വർണ്ണ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച കായികക്ഷമതയും ശാരീരിക ക്ഷമതയുമുള്ള താരമാണ് സിന്ധു. നിരവധി അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം മത്സരിച്ച് മികവ് പുലർത്താൻ സിന്ധുവിനായി. കളിയിലെ തന്ത്രങ്ങളും എതിരാളിയെ എങ്ങനെ നേരിടണമെന്നും വ്യക്തമായ അറിവുള്ള താരമാണ് സിന്ധുവെന്നും ഇന്ത്യൻ കായികലോകത്ത് ഇത്തരം നിലവാരം പുലർത്തുന്ന മറ്റൊരു താരമില്ലെന്നും ഗോപിചന്ദ് പറഞ്ഞു.
ഇതേ രീതിയിൽ പ്രകടനം കാഴ്ച വെയ്ക്കുകയാണെങ്കിൽ 2024 ലെ പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടാനാകും.ഈ മത്സരങ്ങൾ ഒളിമ്പിക്സിന് ഉപകാരപ്രദം ആകാട്ടെയെന്നും അദ്ദേഹം ആശംസിച്ചു.കളിക്കുന്ന രീതി വിലയിരുത്തുമ്പോൾ ഇന്ത്യയ്ക്ക് പാരീസ് ഒളിമ്പിക്സിൽ മെഡൽ ഉറപ്പിക്കാമെന്ന ശുഭപ്രതീക്ഷയും പുല്ലേല ഗോപിചന്ദ് പ്രകടിപ്പിച്ചു.കോമൺവെൽത്ത് ഗെയിംസിൽ നിന്നും നേടുന്ന അഞ്ചാം മെഡലാണ് 2022-ലേത്. കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്കോറിനാണ് സിന്ധു സ്വർണ്ണം സ്വന്തമാക്കിയത്.
Comments