ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗിക അവധി. നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്.
കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധിയുള്ളത്. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പുറമേ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളുകൾക്കും നാളെ അവധിയാണ്. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല.
ഇടുക്കിയിൽ വാഴത്തോപ്പ് പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണ്. ഇതിന് പുറമേ മരിയാപുരം പഞ്ചായത്തിലെ വിമല സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments