കണ്ണൂർ : ഒൻപതാം ക്ലാസുകാരിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചുവെന്ന് പരാതി. ഇതേ രീതിയിൽ 11 പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കിയിട്ടുണ്ടെന്നും ഈ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് വെളിപ്പെടുത്തൽ നടത്തുന്നത് എന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി.
എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് സംഘം സൗജന്യമായി നൽകിയത്. സൗഹൃദം നടിച്ച് അടുത്ത് കൂടുകയും പിന്നീട് അത് പ്രണയമാണെന്ന് പറയുകയും ചെയ്യും. മാനസിക സമ്മർദ്ദം കുറയ്‌ക്കാനെന്ന് പറഞ്ഞാണ് ലഹരി നൽകിയിരുന്നത്. ലഹരി ഉപയോഗിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.
ലഹരിക്ക് അടിമപ്പെട്ടുകഴിഞ്ഞാൽ പിന്നീട് മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി ശരീരം വിൽക്കാൻ നിർബന്ധിക്കും. അത് നിഷേധിക്കുന്നവരെ ശാരീരികമായി ഉപദ്രവിക്കും, നിലത്തിട്ട് ചവിട്ടും. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണത പോലും ഉണ്ടായെന്നാണ് പെൺകുട്ടി പറയുന്നത്. മാതാപിതാക്കളാണ് തന്നെ ഇതിൽ നിന്നും രക്ഷിച്ചത് എന്നും പെൺകുട്ടി പറയുന്നുണ്ട്.
ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് കൗൺസിലിംഗിലൂടെയാണ് കുട്ടിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. തുടർന്നാണ് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. എന്നാൽ പരാതിയുമായി ഒരു കുട്ടിയുടെ മാതാപിതാക്കൾ മാത്രമേ പോലീസിനെ സമീപിച്ചിട്ടുള്ളൂ. ഇതിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും പോലീസിന് കൈമാറിയിട്ടുണ്ട്.
തുടർന്ന് പെൺകുട്ടിയുട സഹപാഠിയെ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലാക്കി. പിന്നീട് കുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്ക് പിന്നിൽ വൻ ലഹരി റാക്കറ്റ് ഉണ്ടെന്നാണ് വിവരം.
Comments