ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പെരുംനുണയനെന്ന് വിമർശനം. നുണകൾ അഴിച്ചുവിട്ടതിലുള്ള റെക്കോർഡ് കെജ്രിവാളിന് കിട്ടുമെന്നും ഡൽഹി മുഖ്യമന്ത്രി നുണയുണ്ടാക്കുന്ന യന്ത്രമായി മാറിയെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വിമർശിച്ചു.
മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് (MNREGA) സംബന്ധിച്ച് കെജ്രിവാൾ പറഞ്ഞ കാര്യമാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കിയത്. സമീപകാലത്ത് കെജ്രിവാൾ പറഞ്ഞ പച്ചക്കള്ളം ഇതിനെക്കുറിച്ചാണെന്ന് ബിജെപി വക്താവ് സൂചിപ്പിച്ചു. കേന്ദ്രപദ്ധതി 25 ശതമാനം ഗുണഭോക്താക്കളെ വെട്ടിക്കുറച്ചുവെന്നും സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം കുറഞ്ഞുവെന്നുമുള്ള പെരുംനുണയാണ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ ദരിദ്രർക്കും കർഷകർക്കും പദ്ധതി പ്രകാരം 100 ദിവസത്തെ തൊഴിൽ നൽകുന്നുവെന്നതാണ് യാഥാർത്ഥ്യം. അല്ലാതെ പദ്ധതിയിൽ വെട്ടിക്കുറയ്ക്കലുകൾ ഇല്ലെന്നും ഡൽഹി മുഖ്യമന്ത്രിയുടെ കള്ള പ്രചാരണത്തെ ബിജെപി വക്താവ് തിരുത്തി.
കെജ്രിവാളിന്റെ ഡൽഹി മോഡൽ പരാജയപ്പെട്ടു. അതിനാലാണ് MNREGA പദ്ധതിക്കെതിരെ അദ്ദേഹം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. പദ്ധതിക്കായി വിനിയോഗിക്കേണ്ട ഓരോ രൂപയും നിയുക്ത അക്കൗണ്ടിലേക്ക് നേരിട്ട് പോകുകയാണ് ചെയ്യുന്നത്. അതുവഴി ബജറ്റിൽ പദ്ധതിക്കായി നീക്കിവെച്ച തുക അഴിമതിയില്ലാതെ വിനിയോഗിക്കാൻ സാധിക്കുകയും പദ്ധതി കൂടുതൽ ഫലപ്രദമാകുകയും ചെയ്യുന്നു. 2021-22 വർഷത്തിൽ MNREGA പദ്ധതിപ്രകാരം 73,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കൊറോണ മഹാമാരി കണക്കിലെടുത്ത് 25,000 കോടി രൂപ കൂടി വകയിരുത്തി. ഇതോടെ പദ്ധതിക്കായി നൽകിയ തുക 98,000 കോടിയായെന്നും ബിജെപി വക്താവ് വ്യക്തമാക്കി.
MNREGA പദ്ധതി പ്രകാരം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം കുറഞ്ഞുവെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞത്. യഥാർത്ഥത്തിൽ പദ്ധതിയുടെ ബജറ്റ് വർധിപ്പിക്കുകയാണ് ചെയ്തതെന്നും പദ്ധതിയെ തെറ്റായി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയാണെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്ന കെജ്രിവാൾ നുണയുണ്ടാക്കുന്ന യന്ത്രമാണെന്നാണ് ബിജെപി നേതാക്കൾ പരിഹസിച്ചത്. ഇതുകൂടാതെ 2015 മുതൽ കെജ്രിവാൾ നടത്തിയിട്ടുള്ള ഓരോ നുണ പ്രചാരണങ്ങളും ബിജെപി നേതാക്കൾ ഓർമ്മിപ്പിച്ചു. 500 സ്കൂളുകൾ പുതിയതായി തുറക്കുമെന്ന് പ്രഖ്യാപിച്ച ഡൽഹിയിൽ 16 സ്കൂളുകൾ പൂട്ടിപോകുകയാണ് ചെയ്തത്. 700 ഓളം സ്കൂളുകൾക്ക് പ്രിൻസിപ്പാൾ ഇല്ല. 16000 അദ്ധ്യാപന ഒഴിവുകൾ ഇപ്പോഴും തുടരുകയാണെന്നും നിലവിൽ ഡൽഹിയിലെ സ്കൂളുകളെക്കുറിച്ചല്ല മദ്യശാലകളെക്കുറിച്ചാണ് കെജ്രിവാളിന് ആശങ്കയെന്നും ബിജെപി വക്താക്കൾ വിമർശിച്ചു.
Comments