ന്യൂയോർക്ക് : സാഹിത്യകാരൻ സൽമാൻ റുഷ്ദി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴുത്തിനും അടിവയറ്റിലും കണ്ണിനും കുത്തേറ്റ അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇപ്പോൾ വെന്റിലേറ്ററിലാണ്. ഈ സാഹചര്യത്തിൽ സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്‌സസ് എന്ന പുസ്‌തകമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ പുസ്തകത്തൽ മുഹമ്മദ് നബിയെപ്പറ്റിയുള്ള പരാമർശമാണ് അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടാക്കി മാറ്റിയതും.
1988 എഴുതിയ ഈ നോവൽ ഇന്ത്യ ഉൾപ്പെടെ 20 ൽ അധികം രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. മതമൗലികവാദികളിൽ നിന്ന് വധ ഭീഷണിയും ഉയർന്നിരുന്നു. ഇറാൻ മതനേതാവ് ആയത്തുള്ള ഖൊമേനി അദ്ദേഹത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചതിനെ തുടർന്ന് ഒരു ദശാബ്ദത്തോളം ഒളിവിൽ കഴിയാനും നിർബന്ധിതനായി. എന്നാൽ താൻ വേണമെങ്കിൽ ഇനിയും അതേ പുസ്തകം എഴുതണമെന്നാണ് സൽമാൻ റുഷ്ദി പറഞ്ഞത്.
നിരോധനം നട്ടെല്ലില്ലാത്ത ഒരു നിമിഷത്തെ തീരുമാനമായിരുന്നു എന്ന് സൽമാൻ റുഷ്ദി പിന്നീട് പറഞ്ഞു. ഇന്ത്യയിലാണ് ഈ പുസ്തകം ആദ്യം നിരോധിച്ചത്. ആ സമയത്ത് രാജ്യത്ത് പുസ്തകത്തിന്റെ ഒരു കോപ്പി പോലും ലഭ്യമായിരുന്നില്ല. അത് കേട്ടപ്പോൾ വളരെ വിഷമംതോന്നി. എന്നാൽ ഇക്കാലത്ത് പുസ്തകം നിരോധിക്കാൻ സാധിക്കില്ലെന്നും അങ്ങനെ ചെയ്താലും നിങ്ങൾക്ക് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് വായിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2013 ൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്റെ പുസ്തകങ്ങളിൽ ഏറ്റവും കുറവ് രാഷ്‌ട്രീയമുള്ള ഒരു പുസ്തകമാണ് ദി സാത്താനിക് വേഴ്‌സസ്. ഇന്ത്യയിൽ സാംസ്‌കാരിക പുരാവസ്തുക്കളെ ആക്രമിക്കുന്നത് വളരെ എളുപ്പമായിരിക്കുകയാണ്. ആളുകൾ അവരുടെ വ്യക്തിത്വം തെളിയിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് നിങ്ങൾ വെറുക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്. മതത്തോടുള്ള ഭയം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തിൽ രാജ്യത്ത് വിദ്വേഷം വളർത്തുന്നതിൽ ഭരണകൂടത്തിന് പങ്കുണ്ട്. കാരണം ജനങ്ങൾ നിസ്സംഗരാണ്, ഭരണകൂടം അവരെ സംരക്ഷിക്കുന്നില്ല; ചില കാര്യങ്ങൾ വിലപ്പെട്ടതാണെന്ന് ഭരണകൂടം ജനങ്ങളോട് പറയണം. സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകൾ എല്ലായ്‌പ്പോഴും സ്വതന്ത്രമായി സംസാരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നമ്മൾ ഇരവാദ സംസ്‌കാരത്തിലാണ് ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇനിയുമൊരു സാത്താനിക് വേഴ്‌സസ് എഴുതാൻ തനിക്ക് പേടിയില്ല എന്നും റുഷ്ദി വ്യക്തമാക്കിയിരുന്നു.
Comments