ചെന്നൈ: പാർക്ക് ചെയ്തിരിക്കുന്ന പോലീസ് വണ്ടി ഉപയോഗിച്ച് ഇൻസ്റ്റഗ്രാം റീൽ ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. വാഷർമെൻപേട്ട് സ്വദേശി വിഗ്നേഷ്, മനാലി സ്വദേശി സഞ്ജയ് എന്നിവരാണ് ചെന്നൈയിൽ അറസ്റ്റിലായത്. പോലീസ് കോൺസ്റ്റബിൾ നവീൻ കുമാറിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
വീട്ടിൽ പോകുന്നതിനു മുൻപ് പോലീസ് കോളനിയിലെ ഗ്രൗണ്ടിലായിരുന്നു നവീൻ വണ്ടി പാർക്ക് ചെയ്തത്. ഈ വാഹനത്തിൽ നിന്ന് ഗുണ്ടാ സംഘം മാരകായുധങ്ങളുമായി വന്നിറങ്ങി മറ്റൊരു സംഘത്തെ ആക്രമിക്കുന്ന വീഡിയോ ആണ് യുവാക്കൾ റീൽ ചെയ്തത്. വീഡിയോ വൈറലായതോടെയാണ് പോലീസ് സംഭവം അറിയുന്നത്. തുടർന്ന് നവീൻ കുമാർ പരാതി നൽകുകയായിരുന്നു.
ഇരുവരേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്റ്റഗ്രാം റീലിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് വ്യാപകമാവുകയാണ്. വളരെ അപകടകരമായ രീതിയിൽ വീഡിയോ ചെയ്ത് ആളുകൾ മരിക്കുന്നതും ഇപ്പോൾ കൂടിവരികയാണ്. ട്രെയിനു മുന്നിലും വെള്ളച്ചാട്ടത്തിനു സമീപവും ഇൻസ്റ്റഗ്രാം റീൽ ചെയ്യുന്നതിനിടെ ആളുകൾ അപകടത്തിൽ പെടുന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ അവബോധം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments