ദുബായ്: ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ വർഷത്തെ ആദ്യ ആറുമാസത്തെ സേവന വിവരങ്ങൾ ജനങ്ങളുമായി പങ്കുവെക്കവെയാണ് ഡിജിറ്റൽ മാർഗങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് ആർടിഎ ആവശ്യപ്പെട്ടത്.
വിവിധ അന്വേഷണങ്ങൾക്കായി കോൾ സെന്ററിലേക്ക് 9,51,492 കോളുകൾ ലഭിച്ചതായി ആർടിഎ അറിയിച്ചു. ടാക്‌സികളിൽ യാത്രക്കാരുടെ സാധനങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 44,062 കേസുകൾ റിപ്പോർട്ട് ചെയ്തു. 12 ലക്ഷം രൂപ, 12,410 മൊബൈൽ ഫോണുകൾ, 2819 ഇലക്ട്രോണിക് ഉപകരണങ്ങൾ, 766 പാസ്പോർട്ടുകൾ, 342 ലാപ്‌ടോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.
യാത്രക്കാർ മറന്നുവെയ്‌ക്കുന്ന പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അധികൃതർക്ക് ഏൽപ്പിക്കുന്ന ടാക്സി ഡ്രൈവർമാരുടെ സത്യസന്ധതയെ ആർടിഎ ആദരിക്കുകയും ചെയ്തു. വാഹനത്തിൽ യാത്രക്കാരൻ മറന്നുവെച്ച 10 ലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമസ്ഥന് കൈമാറിയതിന് ദുബായ് ടാക്‌സി കോർപ്പറേഷൻ ജീവനക്കാരിയെ ആർടിഎ അനുമോദിച്ചിരുന്നു. ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് യുഎഇയെക്കുറിച്ച് മതിപ്പ് ഉണ്ടാക്കുന്ന ഡ്രൈവർമാരുടെ വിലയേറിയ സേവനങ്ങളെ അംഗീകരിക്കുന്നതായി ആർടിഎ വ്യക്തമാക്കി.
Comments