ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗം അത്ഭുതകരമാണെന്ന് വിശേഷിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ . പുതിയ ഒരു ഇന്ത്യയെ വാർത്തെടുക്കാൻ പ്രസംഗം ഒരോരുത്തരെയും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുവർണ ഇന്ത്യയെ പടുത്തുയർത്തുന്നതിന് വേണ്ടി അഞ്ച് പ്രതിജ്ഞകൾ എടുക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇവ അമിത് ഷാ ചൂണ്ടിക്കാട്ടി. ഒപ്പം അടുത്ത 25 വർഷത്തിനുള്ളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച മാർഗങ്ങളിൽ എല്ലാവരോടും അണിചേരാനും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു.
പ്രസംഗത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകത പ്രധാന മന്ത്രി ഉൾപ്പെടുത്തിയിരുന്നു. വരും കാലങ്ങളിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേത്തിക്കുന്നത് സ്ത്രീകളുടെ ശക്തിയാണ്.അതിനാൽ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളിൽ നിന്ന് ഒഴിവായി സ്ത്രീകളോട് ബഹുമാനം കാണിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യണം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അമിത്ഷാ ആവർത്തിച്ചു. ഇതിന് പുറമെ രാജ്യത്തിന്റെ വളർച്ചയെ കെട്ടിപ്പടുക്കാനുള്ള ആത്മാവും ദൃഢനിശ്ചയവും പ്രതിധ്വനിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ഒരോ ഇന്ത്യക്കാരനും കേൾക്കണം.രാജ്യത്ത് നടക്കുന്ന അഴിമതികളെ ഇല്ലായ്മ ചെയ്യാൻ ജനങ്ങളുടെ സഹകരണവും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ ആളുകൾ ആവേശത്തോടെയാണ് പങ്കെടുത്തത് .ഇന്ത്യക്കാരെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ ക്യാമ്പയിൻ പ്രചോദിപ്പിച്ചു. ദേശീയ പതാകയുമായുള്ള ബന്ധം കൂടുതൽ വ്യക്തിപരമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.ജനങ്ങളുടെ ഹൃദയത്തിൽ ദേശസ്നേഹം വളർത്തുകയും ത്രിവർണപതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന് പിന്നിലെ ആശയം എന്നും അമിത് ഷാ വ്യക്തമാക്കി.
Comments