സിപിഎം പ്രവർത്തകൻ ഷാജഹാന്റെ വധം; പ്രതികളായ എട്ട് പേർ പിടിയിൽ; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Published by
Janam Web Desk

പാലക്കാട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിൽ പോലീസ് പിടിയിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. കൊലപാതക ശേഷം മലമ്പുഴ കവയിലും പൊള്ളാച്ചിയിലും ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ചയാണ് പോലീസ് പിടികൂടിയത്.

എട്ടംഗ സംഘമായിരുന്നു കൊലപാതകം നടത്തിയത്. ഇതിൽ രണ്ട് പേർ ചേർന്ന് ഷാജഹാനെ വെട്ടി വീഴ്‌ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈകൾക്കും വെട്ടിയ പ്രതികൾ ഷാജഹാൻ കുഴഞ്ഞുവീണതോടെ കഴുത്തിലും തലയിലും വെട്ടിപ്പരിക്കേൽപ്പിച്ചു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഷാജഹാനെ ആക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. കൊലയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച എട്ട് പേരും പിടിയിലായിട്ടുണ്ടെന്നും പോലീസ് പറയുന്നു.

നേരത്തെ തന്നെ പ്രതികൾക്ക് ഷാജഹാനോട് വിരോധമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് കരുതുന്നത്. ഷാജഹാനുമായി തർക്കമുണ്ടായിരുന്നെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 14ന് പാലക്കാട് ചന്ദ്രനഗറിലുള്ള ചാണക്യ ഹോട്ടലിൽ പ്രതികൾ ഒത്തുചേർന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചുവെന്നാണ് വിവരം. ഇതിനാൽ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന കാര്യവും കൊലയ്‌ക്കായി മറ്റേതെങ്കിലും തരത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്.

 

Share
Leave a Comment