ബംഗലൂരു: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എയുമായ പ്രിയങ്ക ഖാർഗെയ്ക്കെതിരെയാണ് പരാതി. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾ സർക്കാർ ജോലികൾ നേടുന്നത് ലൈംഗിക ഒത്തുതീർപ്പുകൾക്ക് വിധേയരായിട്ടാണ് എന്നായിരുന്നു പരാമർശം. ഇതിനെതിരെ കർണാടക സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകിയതായി ആം ആദ്മി പാർട്ടി വനിതാ വിഭാഗം നേതാവ് കുശല സ്വാമി അറിയിച്ചു.
ഓഗസ്റ്റ് 12ന് കർണാടകയിലെ കലബുർഗിയിൽ നടന്ന ചടങ്ങിലായിരുന്നു നേതാവിന്റെ വിവാദ പരാമർശം. സർക്കാർ ജോലി വാങ്ങുന്ന ആൺകുട്ടികൾ കൈക്കൂലി കൊടുത്താണ് അത് നേടുന്നത്. പെൺകുട്ടികളാണെങ്കിൽ ലൈംഗിക ഒത്തുതീർപ്പുകളിലൂടെയാണ് ജോലി സ്വന്തമാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥ ഇതാണ് എന്നതായിരുന്നു പ്രിയങ്കിന്റെ പരാമർശം.
പ്രിയങ്കിന്റെ പരാമർശം സ്ത്രീത്വത്തെ മാത്രമല്ല, യുവത്വത്തെ ആകെ അപമാനിക്കുന്നതാണ് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. സർക്കാർ ജോലിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന യുവാക്കളുടെ ആകെ ആത്മാഭിമാനത്തെയാണ് കോൺഗ്രസ് നേതാവ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
അച്ഛന്റെ അധികാരത്തിന്റെ ബലത്തിൽ രാഷ്ട്രീയത്തിൽ വന്ന പ്രിയങ്ക് ഖാർഗെയ്ക്ക് കഷ്ടപ്പാട് എന്താണെന്ന് അറിയില്ല. ജീർണ്ണിച്ച കുടുംബ വാഴ്ചയുടെ പ്രതിനിധിയാണ് അയാൾ. മെറിറ്റിൽ വന്നവരോട് അയാൾക്ക് പുച്ഛമാണെന്ന് യുവമോർച്ച വ്യക്തമാക്കി.
Comments