മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണവുമായി കരിപ്പൂരിൽ പിടിയിലായ യുവാവ് മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകൻ. മലപ്പുറം ഒമാനൂർ സ്വദേശി ഹംസത്ത് സാദിഖ് ആണ് കഴിഞ്ഞ ദിവസം സ്വർണവുമായി വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുമാണ് ഇയാളുടെ ലീഗ് ബന്ധം വ്യക്തമായത്.
സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ഇയാൾ സർക്കാരിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്. സ്വർണം കടത്തിയതിന് പിടിക്കപ്പെട്ടതോടെ നിരവധി പേരാണ് ഇതിന്റെയെല്ലാം സ്ക്രീൻ ഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ ലീഗ് നേതൃത്വവും പ്രതിരോധത്തിലാണ്.
രണ്ട് കിലോ സ്വർണമാണ് സാദിഖ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. മിശ്രിതമാക്കി ക്യാപ്സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസിന്റെ പിടിയിലാകുകയായിരുന്നു. ബഹ്റൈനിൽ നിന്നാണ് സാദിഖ് സ്വർണവുമായി എത്തിയത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിൽ വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കും.
Comments