മുംബൈ: സമൂഹമാദ്ധ്യമത്തിലെ കൗതുകങ്ങളെ എന്നും തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്‌ക്കുന്ന ആനന്ദ് മഹീന്ദ്ര മറ്റൊരു ചിത്രവുമായി രംഗത്ത്. പോസ്റ്റിനെ ആവേശത്തോടെ സ്വീകരിച്ചിരി ക്കുകയാണ് ആരാധകർ. ഇനി എന്തൊക്കെയായാലും ഞാൻ പിന്തുടരാൻ പോകുന്നത് ഈ സോക്കർ ലീഗിനെയായിരിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ദ പ്രീമിയർ സോളാർ ലീഗ് എത്ര മനോഹരം എന്നും കുറിപ്പിലുണ്ട്. കടപ്പുറത്ത് അസ്തമയ സൂര്യനെ സാക്ഷിനിർത്തിയുള്ള ഫുട്‌ബോൾ മത്സരമാണ് ക്യാമറാ ക്ലിക്കിലൂടെ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്.
മൂന്ന് പേർ ഫുട്‌ബോൾ കളിക്കുന്നത് സൂര്യബിംബത്തെ പന്താക്കിക്കൊണ്ടാണെങ്കിൽ എന്ത് സംഭവിക്കുമെന്ന മൂന്ന് ചിത്രങ്ങളാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിക്കുന്നത്. ആ ചിത്രത്തിന്റെ കൗതുകമാണ് മഹീന്ദ്ര പങ്കുവെയ്‌ക്കുന്നത്. ഒറ്റ നോട്ടത്തിൽ പന്തായി സൂര്യ ബിംബം മാറുന്നു എന്ന തോന്നുന്ന തരത്തിലെ ക്യാമറാമാന്റെ വൈദഗ്ധ്യമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്.
ഒരാൾ തന്റെ കാലിനാൽ സൂര്യബിംബത്തെ മുകളിലേയ്‌ക്ക് അടിച്ചുയർത്തുന്നു എന്നതാണ് ആദ്യ ചിത്രത്തിലുള്ളത്. രണ്ടാം ചിത്രത്തിൽ രണ്ടാമൻ ഗോൾപോസ്റ്റിലേയ്‌ക്ക് സിസർകട്ടിലൂടെ സൂര്യനെ തട്ടാൻ ശ്രമിക്കുന്നു. മൂന്നാമൻ ഗോളിയാണ്. തനിക്ക് നേരെ വരുന്ന സൂര്യബിംബത്തെ തടയാനാണ് മൂന്നാമത്തെ ചിത്രത്തിൽ ഗോളി ശ്രമിക്കുന്നത്. ആയിരങ്ങളാണ് ആനന്ദ് മഹീന്ദ്രയുടെ കൗതുകകരമായ പോസ്റ്റിനെ ലൈക് ചെയ്തിരിക്കുന്നത്.















