ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിന് പിന്നാലെയാണ് വിമർശനവുമായി ഗംഭീർ രംഗത്ത് വന്നത്. ആം ആദ്മി പാർട്ടി പാവപ്പെട്ടവരുടെ പാർട്ടിയല്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നടത്തുന്ന പത്ര സമ്മേളനങ്ങൾ പരിഭ്രാന്തിയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
ഒരു മന്ത്രി (സത്യേന്ദ്ര ജെയിൻ) ഇതിനകം അകത്താണ്. മറ്റൊരാൾ (മനീഷ് സിസോദിയ) ഉടൻ തന്നെ അകത്താകുകയും ചെയ്യും. ഇതോടെ മൂന്നാമൻ പത്ര സമ്മേളനവുമായി വന്നു. അദ്ദേഹം ബിജെപി നേതാക്കൾക്ക് അധികാര ഭ്രമം ആണെന്ന് പറയുന്നു. അധികാര ഭ്രമം ശരിക്കും ഡൽഹി മുഖ്യ മന്ത്രിയ്ക്കാണ്. അതുകൊണ്ടാണ് പോസ്റ്ററുകളിലും പരസ്യങ്ങളിലും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും കാണാത്തതെന്നും ഗംഭീർ വിമർശിച്ചു.
ഡൽഹി മോഡലിലേക്ക് വരാനാണ് മറ്റ് സംസ്ഥാനങ്ങളോട് കെജ്രിവാൾ ആവശ്യപ്പെടുന്നത്. എന്താണ് ഡൽഹി മോഡലെന്ന് കെജ്രിവാൾ വ്യക്തമാക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. ഏഴ് വർഷത്തിനിടയിൽ ഒരു പുതിയ സ്കൂളോ പുതിയ ഒരു കോളേജോ കണ്ടിട്ടില്ല. ഏറ്റവും മലിനമായ നഗരമായി മാറി ദേശീയ തലസ്ഥാനം. മഴക്കാലത്ത് വെള്ളം പൊങ്ങുന്ന നഗരം. ഇതാണോ ഡൽഹി മോഡലെന്ന് ഗൗതം ഗംഭീർ ചോദിക്കുന്നു. എഎപി ഒരു ആം ആദ്മി(പാവങ്ങളുടെ) സർക്കാരല്ല എന്നതാണ് സത്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Comments