തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ പ്രിൻസിപ്പലിനെ മുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവർത്തകരുടെ അക്രമം. വിവരം അറിഞ്ഞ് കോളജിലെത്തിയ പോലീസിനെയും പ്രവർത്തകർ ആക്രമിച്ചു. കഴിഞ്ഞ വർഷം അച്ചടക്ക നടപടി നേരിട്ട് പുറത്താക്കിയ നേതാവിനെ ഏകജാലകം വഴി കോളജിൽ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കം പ്രിൻസിപ്പൽ തടഞ്ഞതോടെയാണ് എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ അഴിഞ്ഞാടിയത്.
എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി രോഹിത്ത് രാജാണ് മറ്റൊരു വിഷയത്തിൽ വീണ്ടും പ്രവേശനത്തിന് ശ്രമിച്ചത്. പ്രിൻസിപ്പൽ ഇടഞ്ഞതോടെ എസ്എഫ് ഐ പ്രവർത്തകർ അദ്ദേഹത്തെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. ഗേറ്റിന് മുൻപിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പോലീസിനെ കായികമായി ആക്രമിക്കാനും സംഘടിതരായി നിന്ന എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചു. സംഘർഷത്തിൽ കഴക്കൂട്ടം അസി.കമ്മിഷണർ ഉൾപ്പെടെയുള്ള 4 പോലീസുകാർക്ക് പരുക്കേറ്റു.
അക്രമം നിയന്ത്രിക്കാനായി എസ്എഫ് ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറി അമിത്, ജോയിന്റ് സെക്രട്ടറി ഷൈജു, ഏരിയ പ്രസിഡന്റ് രാഹുൽ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നീട് പോലീസ് വാഹനത്തിൽ തന്നെ പ്രിൻസിപ്പലിനെ കോളേജിന് പുറത്ത് എത്തിക്കുകയായിരുന്നു.
Comments