ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് വന്നില്ലെങ്കിൽ കോൺഗ്രസുകാരിൽ പലരും വീട്ടിലിരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
രാഹുൽ ഗാന്ധി അദ്ധ്യക്ഷനായില്ലെങ്കിൽ അത് രാജ്യത്തെ കോൺഗ്രസുകാരിൽ നിരാശയുണ്ടാക്കു, പലരും വീട്ടിലിരിക്കും തങ്ങൾ കഷ്ടപ്പെടും, സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മനസിലാക്കി രാഹുൽ ഈ പദവി സ്വയം സ്വീകരിക്കണമെന്നായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രസ്താവന. പാർട്ടിയ്ക്കുള്ളിൽ രാഹുൽ ഗാന്ധിയെ അദ്ധ്യക്ഷനാകുന്നതിൽ ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും ആരും അത് അംഗീകരിക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടിക തയ്യാറാക്കുന്നത് അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോഴും പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിനായിട്ടില്ല. രാഹുൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് മതിയെന്നാണ് പൊതുവികാരമെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും പാർട്ടിയ്ക്കുള്ളിൽ തന്നെ മുറുമുറുപ്പ് ഉയർന്നിരുന്നു.
ഇന്നലെ പാർട്ടി പദവി ഒഴിഞ്ഞ മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമയടക്കം രാഹുലും പ്രിയങ്ക വാദ്രയും മാത്രമാണോ കോൺഗ്രസ് എന്ന് വിമർശനം ഉന്നയിച്ചിരുന്നു.
Comments