കൊച്ചി : തലാഖ് ചൊല്ലുന്നതിൽ നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതിൽ നിന്നോ മുസ്ലീം പുരുഷനെ തടയാൻ കുടുംബ കോടതിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തലാഖ് ചൊല്ലുന്നതിൽ നിന്നും തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം കാലം ഇതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കൊല്ലം സ്വദേശിയായ ഹർജിക്കാരന്റെ ഭാര്യയാണ് ഇയാൾക്കെതിരെ കുടുംബ കോടതിയെ സമീപിച്ചത്. രണ്ട് തലാഖും ചൊല്ലിയ ഭർത്താവിനെ മൂന്നാം തലാഖിൽ നിന്നും വിലക്കണമെന്നും വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കുടുംബ കോടതി യുവതിയുടെ ആവശ്യങ്ങൾ അംഗീകരിച്ചു. ഇതിനെതിരെയാണ് മുസ്ലീം യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
വ്യക്തിനിയമം അനുവദിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ നിന്ന് ഒരാളെ വിലക്കുന്നത് അവകാശലംഘനമാണെന്നും ഇത്തരം കാര്യങ്ങളിൽ കോടതികളുടെ അധികാരം പരിമിതമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയിൽ കോടതിക്ക് ഇടപെടുന്നതിൽ പരിതിമിയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Comments