മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയൻ പോലീസ്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഡോക്ടർ പ്രസന്നൻ പൊങ്ങണം പറമ്പിലിനോട് പോലീസ് പരസ്യമായി മാപ്പുപറഞ്ഞത്.
2020 ലായിരുന്നു സംഭവം. മദ്യഷോപ്പിൽ നിന്ന് റം മോഷണം പോയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ എന്ന പേരിൽ പ്രസന്നന്റെ ഫോട്ടോ ഓസ്ട്രേലിയൻ പോലീസ് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇത് കണ്ടതോടെ പ്രസന്നൻ മദ്യം വാങ്ങിയ ബില്ലുമായി പോലീസിനെ സമീപിച്ചു. എന്നാൽ റെസീപ്റ്റ് കാണിച്ചെങ്കിലും കുറ്റവാളിയോട് എന്ന പോലെയാണ് ഇദ്ദേഹത്തോട് പോലീസ് പെരുമാറിയത്. അപ്പോഴേക്കും മലയാളി ഡോക്ടർക്കെതിരെ ഫേസ്ബുക്കിൽ വംശീയ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു.
മദ്യഷോപ്പിൽ നിന്ന് മദ്യം വാങ്ങാനായി പോയ പ്രസന്നൻ സാധനവും ബില്ലും വാങ്ങി കാറിലേക്ക് മടങ്ങി. എന്നാൽ കാറിൽ കയറിയപ്പോൾ വില കൂടുതൽ എടുത്തോ എന്ന സംശയമുയർന്നു. ഇത് തീർക്കാൻ വേണ്ടിയാണ് ഇദ്ദേഹം കൗണ്ടറിലേക്ക് പോയത്. എന്നാൽ കൗണ്ടറിൽ നിന്ന് ഒരാൾ കുപ്പിയെടുത്ത് കൊണ്ടുപോയെന്ന് ഷോപ്പിലെ ജീവനക്കാർ പരാതി നൽകി. ഇതോടെ വിശദമായ അന്വേഷണം പോലും നടത്താതെ പോലീസ് പ്രസന്നനെ പ്രതിയാക്കുകയായിരുന്നു.
തുടർന്ന് പ്രസന്നനോട് പോലീസ് ബില്ലിന്റെ പകർപ്പ് ആവശ്യപ്പെട്ടു. എന്നാൽ ഇത് പരിഗണിക്കാൻ അവർ തയ്യാറായില്ല. ഒരാഴ്ച നീണ്ട അന്വേഷണത്തിന് ശേഷം ഇദ്ദേഹം പ്രതിയല്ലെന്ന് പറഞ്ഞ് അറിയിപ്പുവന്നു. എന്നാൽ തനിക്ക് നേരിടേണ്ടിവന്ന അപമാനം പ്രസന്നനെ നിയമപോരാട്ടം നടത്താൻ പ്രേരിപ്പിച്ചു. അങ്ങനെ രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ പോലീസ് മുട്ടുകുത്തി. പ്രസന്നനോട് നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് ഓഗസ്റ്റ് 17-ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അവർ പോസ്റ്റിടുകയും ചെയ്തു.
Comments