ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് ആവേശം കൂട്ടാൻ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. പോസ്റ്ററുകളിലേത് പോലെ തന്നെ സസ്പെൻസ് നിലനിർത്തി കൊണ്ടു തന്നെയാണ് മേക്കിംഗ് വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലർ മമ്മൂട്ടിയുടെ പിറന്നാൾ ദിവസമായ സെപ്റ്റംബർ 7-ന് പുറത്തിറക്കുമെന്നും മേക്കിംഗ് വീഡിയോയിലൂടെ അറിയിച്ചു.
‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന വിജയ ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് റോഷാക്ക്. ത്രില്ലർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുൾ ആണ്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്.
നിമീഷ് രവിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്ര സംയോജനം കിരൺ ദാസ്, കലാ സംവിധാനം ഷാജി നടുവിൽ എന്നിവരാണ്. സംഗീതം ചെയ്തിരിക്കുന്നത് മിഥുൻ മുകുന്ദനാണ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Comments