ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. പവർപ്ലേ ഓവറുകൾ പൂർത്തിയാകുമ്പോൾ പാകിസ്താന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. 10 റൺസെടുത്ത സൂപ്പർ താരം ബാബർ അസമിനെ ഭുവനേശ്വർ കുമാർ അർഷ്ദീപ് സിംഗിന്റെ കൈകളിൽ എത്തിച്ചപ്പോൾ 10 റൺസുമായി പരിചയ സമ്പന്നനായ താരം ഫഖർ സമാൻ ആവേശ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
പാകിസ്താൻ ബാറ്റർമാർക്ക് അനാവശ്യ സ്വാതന്ത്ര്യം അനുവദിക്കാതെ നിയന്ത്രിച്ചാണ് ഇന്ത്യൻ ബൗളർമാർ പന്തെറിയുന്നത്. നിലവിൽ 7 ഓവറുകൾ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ് പാകിസ്താൻ. ഓപ്പണർ മുഹമ്മദ് റിസ്വാനും ഇഫ്തിക്കർ അഹമ്മദുമാണ് ക്രീസിൽ.
നേരത്തേ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഋഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. മൂന്നാം സീമറായി ആവേശ് ഖാനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.















