ന്യൂഡൽഹി: കോൺഗ്രസ് ഒരു കുടുംബ പാർട്ടിയായി മാറിയെന്നും, ഇക്കാര്യം തിരിച്ചറിഞ്ഞാണ് പലരും പാർട്ടി വിടുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. പാർട്ടിക്ക് പഴയ സ്ഥാനം നഷ്ടപ്പെട്ടുവെന്നും ജെ.പി.നദ്ദ പറഞ്ഞു. ഗുവാഹട്ടിയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ എന്തുകൊണ്ട് ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നത്? എന്തുകൊണ്ടാണ് പാർട്ടി ദുർബലമാകുന്നത്? പ്രാദേശിക വികാരത്തെ ദേശീയ തലത്തിലുള്ളവരുടെ ആശയവുമായി യോജിപ്പിക്കാൻ കഴിയാത്തതാണ് കാരണം’.
40 വർഷത്തിലധികമായി പാർട്ടിയുമായി ബന്ധം പുലർത്തുന്ന ആളുകൾ വരെ ഇത് കുടുംബ പാർട്ടിയാണെന്ന് തിരിച്ചറിഞ്ഞ് പാർട്ടി വിടുകയാണ്. കോൺഗ്രസ് എന്നാൽ വെറും കുടുംബയോഗം മാത്രമാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ആളുകൾ ഇത് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു.
അസമിൽ മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിൽ ഹിമന്ത് ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി വൻ വിജയമാണ് നേടിയത്. ബിജെപി ക്രമാനുഗതമായ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. എൻഡിഎ സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യങ്ങളിലുൾപ്പെടെ മികച്ച പുരോഗതി കൈവരിക്കാൻ സാധിച്ചു. വികസനത്തിനാണ് ബിജെപി മുൻതൂക്കം നൽകുന്നത്. പാർട്ടിയുടെ പ്രവർത്തകരേയും ഇക്കാര്യത്തിൽ അഭിനന്ദിക്കുകയാണെന്നും’ ജെപി നദ്ദ പറഞ്ഞു.
Comments