കോഴിക്കോട് : ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
കോഴിക്കോട് നഗരത്തിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ കോയമോന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ബീച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും അതേ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ആംബുലൻസിനകത്ത് ഡോക്ടർമാരും കോയമോന്റെ ബന്ധുക്കളുമുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും ആംബുലൻസിന്റെ വാതിൽ കുടുങ്ങിപ്പോയതോടെ രോഗിയെ പുറത്തിറക്കാനായില്ല. അര മണിക്കൂറോളം നേരം പരിശ്രമിച്ചെങ്കിലും ആംബുലൻസ് തുറക്കാനാകാതെ വന്നതോടെ വാതിൽ മഴു ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയായിരുന്നു.
തുടർന്ന് എല്ലാവരും ചേർന്ന് കോയമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സ്ഥിരീകരിച്ചു. ആംബുലൻസിനകത്ത് ഉണ്ടായിരുന്നവർ പെട്ടെന്ന് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അത് കുടുങ്ങിപ്പോയതാണെന്നാണ് വിശദീകരണം. 2002 മുതൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആംബുലൻസാണിത്. സംഭവത്തിൽ ആശുപത്രിയിലെ ആർഎംഎ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments