ശ്രീനഗർ: കോൺഗ്രസ് പാർട്ടിയ്ക്ക് പിന്നാലെ ഗുലാം നബി ആസാദിന് പിന്തുണ അറിയിച്ച് ആം ആദ്മി പാർട്ടിയിൽ കൂട്ട രാജി. മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ പാർട്ടിയിൽ പ്രവർത്തിക്കുന്നതിനായി ആം ആദ്മി(എഎപി) ജമ്മു കശ്മീർ യൂണിറ്റിലെ നേതാക്കന്മാരടക്കം 51 പ്രവർത്തകരാണ് രാജി വെച്ചത്. കോൺഗ്രസിനെയും എഎപിയെയും പ്രവർത്തകർ വിമർശിച്ചു. താഴെ നിലയിലുള്ള പ്രവർത്തകർക്ക് പാർട്ടികൾ അവസരം നൽകുന്നില്ലെന്നും അതിനാൽ തങ്ങളെല്ലാവരും ഗുലാം നബി ആസാദിന് പിന്തുണ നൽകുന്നുവെന്നുമാണ് രാജി സമർപ്പിച്ചവർ പറഞ്ഞത്.
കോൺഗ്രസ് പാർട്ടി എല്ലായ്പ്പോഴും ഉധംപൂർ ജില്ലയെ അവഗണിച്ചു. പുറത്തുനിന്നുള്ളവരെ ജില്ലാ പ്രസിഡന്റാക്കി, ചിലപ്പോൾ രാംനഗറിലെ ജനങ്ങൾക്ക് പ്രാധാന്യം നൽകി. കോൺഗ്രസിനെ അവർ വംശനാശത്തിലേക്ക് നയിച്ചു. ഇത് ഡൽഹിയിൽ ഇരിക്കുന്ന മുതിർന്ന നേതാക്കൾക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല, കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ ഇന്ത്യയൊട്ടാകെ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തങ്ങൾ എല്ലാവരും ഗുലാം നബി ആസാദിനെ പിന്തുണയ്ക്കുന്നു. ജമ്മു കശ്മീരിനെ ശോഭനമായ ഭാവിയിലേക്ക് കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് രാജി സമർപ്പിച്ച എഎപി നേതാവ് അശ്വനി ഖജൂരിയ പറഞ്ഞു.
സെപ്റ്റംബർ 4 ന് ജമ്മുവിൽ ഗുലാം നബി ആസാദ് വലിയ റാലിയെ അഭിസംബോധന ചെയ്യും. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ശേഷം പാർട്ടിയിൽ നിന്നും രാജിവെച്ച ആസാദ് പുതിയ പാർട്ടി ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീരിൽ ഒരു മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്. റാലിയ്ക്ക് ശേഷം രണ്ട് ദിവസം ജമ്മുവിൽ തങ്ങുന്ന അദ്ദേഹം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. വരുന്ന തിരഞ്ഞെടുപ്പിൽ, 60 സീറ്റുകൾ നേടുമെന്ന പ്രതീക്ഷയോടെ ജമ്മു കശ്മീർ നിയമസഭയിലെ 90 സീറ്റുകളിലും ഗുലാം നബി ആസാദ് സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
Comments