മുംബൈ: പ്രകൃതി സൗഹാർദപരമായി ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാനൊരുങ്ങി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കൃത്രിമ കുളങ്ങൾ നിർമ്മിച്ചാണ് കോർപ്പറേഷൻ മാതൃകയായത്.
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ കുളങ്ങളിലോ തടാകങ്ങളിലോ നിമജ്ജനം ചെയ്യരുതെന്ന നിർദേശത്തെ തുടർന്നാണ് കോർപ്പറേഷൻ കുളം നിർമ്മിക്കുന്നത്. 162 കൃത്രിമ കുളങ്ങളാണ് നിലവിലുള്ളത്. 73 പ്രകൃതിദത്ത നിമജ്ജന സ്ഥലങ്ങളും ലഭ്യമാണെന്ന് അസിസ്റ്റന്റ് മുൻസിപ്പൽ കമ്മീഷണർ റാംകാന്ത് വ്യക്തമാക്കി. 55,000-ത്തോളം ഗണേശ വിഗ്രഹങ്ങളാണ് ഇന്നലെ മാത്രം മുംബൈ നഗരത്തിൽ നിമജ്ജനം ചെയ്തത്.ഇതിൽ 22,687 വിഗ്രഹങ്ങൾ കൃത്രിമ കുളങ്ങളിലാണ് നിമജ്ജനം ചെയ്തത്.
ഗണേശ ഭഗവാന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശ ചതുർത്ഥി. ഓഗസ്റ്റ് 31-ന് ആരംഭിച്ച ആഘോഷ പരിപാടികൾ സെപ്റ്റംബർ 9-നാണ് സമാപിക്കുക.
Comments