മലപ്പുറം : സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം പതിവാകുന്നു. മലപ്പുറത്ത് റോഡിലൂടെ പോകുന്ന വിദ്യാർത്ഥിനികളെ ഓടിച്ച തെരുവുനായയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു.ട്യൂഷൻ ക്ലാസിന് പോയ വിദ്യാർത്ഥിനികളെയാണ് തെരുവ്നായ ഓടിച്ചത്. നായയുടെ കടി ഏൽക്കാതിരിക്കാൻ ഓടുന്നതിനിടെ ഒരാൾ നിലത്ത് വീണു. മലപ്പുറം പട്ടിക്കാട് ചുങ്കത്താണ് സംഭവം.
പട്ടിക്കാട് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചെവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വന്നത്. തെരുവ് നായകളുടെ അപ്രതീക്ഷിത ആക്രമണത്തിൽ നാട്ടുകാർ ഉൾപ്പെടെ ഭീതിയിലാണ്.
അതേസമയം മലപ്പുറം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.രാപകൽ ഭേദമില്ലാതെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. രാത്രിസമയത്തു തിരക്കൊഴിഞ്ഞാൽ പല ടൗണുകളിലും നിരത്തുകളുമെല്ലാം നായ്ക്കൾ കുടിയേറും. കാൽനട യാത്രക്കാർക്കാണ് ഇവ കൂടുതൽ ഭീഷണി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. നായ്ക്കൾ റോഡിനു കുറുകെ ചാടി വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു.
Comments