അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് അടുക്കാറായി ഇരിക്കുമ്പോൾ മാത്രം മോഹന വാഗ്ദനങ്ങളുമായി ഇറങ്ങുന്നവരുണ്ടെന്ന് ആം ആദ്മി പാർട്ടിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അഹമ്മദാബാദ് നഗരത്തിലെ നാല് ‘സ്മാർട്ട് സ്കൂളുകൾ’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക പൊതുവിദ്യാഭ്യാസത്തിന്റെ ഗുജറാത്ത് മാതൃകയെ അദ്ദേഹം പ്രശംസിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തുന്ന വികസനങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃക വേണമെങ്കിൽ ഗുജറാത്തിലേയ്ക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാഗ്ദാനങ്ങളുമായി വരുന്ന അരവിന്ദ് കേജരിവാളിന് ഗുജറാത്ത് സർക്കാർ നൽകിയ മറുപടിയാണ് സ്മാർട്ട് സ്കൂളുകളടക്കമുള്ള വിവിധ വികസന പദ്ധതികൾ.
അഞ്ചു വർഷം വിയർപ്പൊഴുക്കി ജനസേവനം നടത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുണ്ട്. തിരഞ്ഞെടുപ്പിന് അഞ്ച് മാസം മുമ്പ് പുതിയ കുപ്പയവുമിട്ട് മത്സരിക്കാൻ എത്തുന്നവരുമുണ്ട്. പെട്ടന്നൊരു ദിവസം മോഹന വാഗ്ദാനങ്ങളുമായി കടന്നു വരുന്നവരെയും സമൂഹത്തിനുള്ളിൽ സേവനം നടത്തി വിയർത്ത് മത്സരിക്കുന്നവരെയും ജനങ്ങൾക്ക് തിരിച്ചറിയാമെന്ന് അരവിന്ദ് കേജരിവാളിനെയും ആം ആദ്മി പാർട്ടിയെയും വിമർശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. ഗുജറാത്തിലെ മുൻകാല കോൺഗ്രസ് സർക്കാരുകളെയും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് സർക്കാരുകൾ സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസത്തെ മോശം അവസ്ഥയിലെത്തിച്ചു. വിദ്യാഭ്യാസം രംഗത്ത് മാറ്റം വന്നത് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയതോടെയാണ്. എൻറോൾമെന്റ് അനുപാതം 100 ശതമാനമായി ഉയർത്താൻ വേണ്ടി ‘കന്യാ കേളവാണി’, ‘ഗുണോത്സവ്’ തുടങ്ങിയ പദ്ധതികൾ അദ്ദേഹം കൊണ്ടുവന്നുവെന്നും അമിത്ഷാ ചൂണ്ടിക്കാണിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ അധികാരം പിടിക്കുമെന്ന് പ്രചാരണം നടത്തുകയാണ് ആം ആദ്മി പാർട്ടി. വിവിധ വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടാനുള്ള പൊള്ളയായ കേജരിവാളിന്റെ ശ്രമത്തെയാണ് അമിത്ഷാ വിമർശിച്ചത്.
Comments