ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിനിടെ പരസ്പരം വാക്കേറ്റമുണ്ടാക്കുകയും, കൈയ്യാങ്കളിയുടെ വക്കിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തതിന് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് പിഴ ശിക്ഷ വിധിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ. മത്സരത്തിലെ പ്രതിഫല തുകയുടെ 25 ശതമാനം പിഴയായി നൽകണമെന്നാണ് ഐസിസിയുടെ ഉത്തരവ്.
പാകിസ്താൻ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ക്രിക്കറ്റിന്റെ മാനം കെടുത്തിയ സംഭവം അരങ്ങേറിയത്. മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദിനെ സിക്സറിന് പറത്തി പാക് താരം ആസിഫ് അലി ആഹ്ലാദ പ്രകടനം നടത്തി. തൊട്ടടുത്ത പന്തിൽ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച ആസിഫിനെ ഫരീദ് കരീം ജനാതിന്റെ കൈകളിൽ എത്തിച്ചു. തുടർന്ന് തിരികെ ആഹ്ലാദ പ്രകടനം നടത്തിയ ഫരീദിന് നേരെ പ്രകോപിതനായ ആസിഫ് ബാറ്റുമായി തല്ലാൻ പാഞ്ഞടുക്കുകയായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റ് അഫ്ഗാൻ താരങ്ങളും അമ്പയർമാരും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി പ്രശ്നം പരിഹരിച്ചു. അത്യന്തം ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മത്സരത്തിൽ, ഒടുവിൽ ഒരു വിക്കറ്റിന് പാകിസ്താൻ ജയിക്കുകയായിരുന്നു.
എന്നാൽ വിജയത്തിൽ അമിത ആഹ്ലാദ പ്രകടനം നടത്തിയെ പാകിസ്താൻ ടീമിന്റെ അതേ ആവേശം പാക് ആരാധകരും ഏറ്റെടുത്തു. നിരാശരായ അഫ്ഗാൻ ആരാധകർക്കെതിരെ പ്രകോപന മുദ്രാവാക്യങ്ങളുമായി പാകിസ്താൻ ആരാധകർ പാഞ്ഞടുത്തു. ഇതോടെ നിയന്ത്രണം വിട്ട അഫ്ഗാൻ ആരാധകർ പാക് ആരാധകരെ വളഞ്ഞിട്ട് തല്ലി. അരിശം തീരാതെ സ്റ്റേഡിയത്തിലെ കസേരകൾ ഇളക്കിയെടുത്ത് തല്ലുന്ന അഫ്ഗാൻ ആരാധകരിൽ നിന്നും ഓടി രക്ഷപ്പെടുന്ന പാകിസ്താൻ ആരാധകരുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
Comments