ന്യൂഡൽഹി: ഡൽഹിയിലെ കോളേജുകളിൽ രാഷ്ട്രീയ നിയമനങ്ങൾ നിത്യസംഭവമാണെന്ന ആരോപണവുമായി അദ്ധ്യാപക സംഘടനകൾ രംഗത്ത്. അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാർ ചിലവ് ചുരുക്കലിന്റെ പേരിൽ, അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നില്ല. ഈ സാഹചര്യത്തിൽ, കോളേജുകൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
ഡൽഹി സർക്കാരിന് കീഴിലെ 12 കോളേജുകളിൽ കഴിഞ്ഞ രണ്ട് വർഷമായി അദ്ധ്യാപകർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കാൻ സർക്കാർ അദ്ധ്യാപകരെയാണ് ബലിയാടുകളായി കണ്ടിരിക്കുന്നത്. കോളേജുകളിൽ സംഭവിക്കുന്നത് വികലമായ രാഷ്ട്രീയ നയങ്ങളുടെ പ്രതിഫലനങ്ങളാണെന്ന് സംഘടനാ നേതാവ് എ കെ ഭാഗി അഭിപ്രായപ്പെട്ടു.
സർവ്വകലാശാലകളിൽ രാഷ്ട്രീയ നിയമനങ്ങൾ നിത്യസംഭവങ്ങളായിരിക്കുന്നു. സർക്കാർ സംവിധാനങ്ങളെയാകെ ആം ആദ്മി പാർട്ടി രാഷ്ട്രീയവത്കരിക്കുകയാണ്. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്. കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കാത്തതിന്റെ പേരിൽ മിക്ക ക്യാമ്പസുകളിലും വൈദ്യുതി- ജല ദൗർലഭ്യം നേരിടുന്നതായും അദ്ധ്യാപക സംഘടന വ്യക്തമാക്കുന്നു.
സർവ്വകലാശാലകൾക്ക് 95 ശതമാനം ഗ്രാൻ്റുകളും നൽകുന്നത് യുജിസി ആണ്. ഡൽഹി സർക്കാരിന്റെ കെടുകാര്യസ്ഥതയും രാഷ്ട്രീയ വീഴ്ചകളുമാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. മിക്ക അനദ്ധ്യാപക ജീവനക്കാർക്കും ഏഴായിരവും എണ്ണായിരവും രൂപയാണ് ഇപ്പോഴും ശമ്പളം. അത് പോലും മാന്യമായി നൽകാൻ സർക്കാരിന് സാധിക്കുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം തിരിഞ്ഞ് പോലും നോക്കിയില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി ലഫ്റ്റ്നൻ്റ് ഗവർണർക്ക് നിവേദനം നൽകിയതായും ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു.
Comments