ബെംഗളൂരു: കർണാടകയിൽ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാൻ സിപിഎം. സെപ്റ്റംബർ 18-ന് ബാഗെപ്പള്ളിയിലാണ് റാലിയും പൊതുയോഗവും നടക്കുക. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പൊതു യോഗത്തിൽ വിശിഷ്ടാതിഥിയായി എത്തും. പിണറായി വിജയന്റെ ചിത്രം അടങ്ങിയ പോസ്റ്റർ കർണാടക സിപിഎം ഘടകത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടക്കുന്ന സമയത്തു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സിപിഎം പൊതുയോഗം കർണാടകയിൽ നടക്കുക.
ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നത്. അതേസമയം, കേരളത്തിൽ യാത്ര 18 ദിവസവും. കോൺഗ്രസിന്റെ ഈ നിലപാടിനെ വലിയ രീതിയിലാണ് സിപിഎം വിമർശിക്കുന്നത്. കേരളത്തിൽ ഭാരത് ജോഡോ യാത്ര നടക്കുമ്പോൾ തന്നെ കർണാടകയിൽ പിണറായി വിജയൻ പങ്കെടുക്കുന്ന സിപിഎം സമ്മേളനം നടക്കുന്നത് ഇരു പാർട്ടികളും തമ്മിലുള്ള പോരിന് കൂടി വഴി തുറക്കുന്നു. ഇതിനോടകം തന്നെ സൈബർ ഇടങ്ങളിൽ ഭാരത് ജോഡോ യാത്രയേയും സിപിഎം റാലിയേയും താരതമ്യപ്പെടുത്തി വാദപ്രതിവാദങ്ങൾ ഇരു പാർട്ടികളുടെയും അണികൾ നടത്തുന്നുണ്ട്.
ഏറെ ശ്രദ്ധേയമായത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. ‘ഈ റാലി നടക്കുന്നത് ബിജെപി ഭരിക്കുന്ന കർണാടകയിൽ ആണ്’ എന്നു കുറിച്ചു കൊണ്ടാണ് മന്ത്രി വി ശിവൻകുട്ടി പിണറായി വിജയന്റെ ചിത്രമടങ്ങുന്ന പരിപാടിയുടെ പോസ്റ്റർ പങ്കുവെച്ചത്. ‘സേഫ് സോണിലല്ല പ്രകടനം’ എന്ന് കുറിച്ചു കൊണ്ടാണ് തിരുവമ്പാടി എംഎൽഎ ലിൻറോ ജോസഫ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, പോസ്റ്ററിന് താഴെ ജനങ്ങളുടെ രസകരമായ മറുപടികളും പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്ത തവണ സിപിഎം കർണാടക ഭരിക്കും, ഊരിപ്പിടിച്ച വടിവാളുണ്ടോ, കർണാടക വെർട്ടിക്കലാണോ എന്നിങ്ങനെ നീളുന്നു മന്ത്രിയുടെ പോസ്റ്റിന് താഴെയുള്ള മറുപടികൾ.
Comments