കണ്ണൂർ : കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവത്തെ സി. ഇസ്മയിൽ (30) ആണ് അറസ്റ്റിലായത്. 35 പവൻ സ്വർണവും രണ്ടുലക്ഷത്തോളം രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
ഈ മാസം നാലിനാണ് കായംകുളത്തെ ഒരു വീട് കുത്തിത്തുറന്ന് 50 പവനും 2.65 ലക്ഷം രൂപയും ഇയാൾ കവർന്നത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബി.കോം ബിരുദധാരിയാണ് യുവാവ്. പണവും സ്വർണവും മോഷ്ടിച്ച് ആർഭാട ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്.
മോഷണക്കേസിൽ നേരത്തെയും പ്രതി പിടിയിലായിട്ടുണ്ട്. ഒരു മോഷണക്കേസിൽ കോഴിക്കോട് ജയിലിൽനിന്ന് റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ പിറ്റേദിവസമാണ് കായംകുളത്തെ വീട്ടിൽ മോഷണം നടത്തിയത്. പ്രതിയെ ഏറ്റുവാങ്ങാൻ കായംകുളം പോലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Comments