കൊച്ചി : റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാൾ മരിച്ചു. ആലുവ – പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ മാറമ്പിളളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 20 ന് ചാലക്കൽ പതിയാട്ട് കവലക്ക് സമീപം റോഡിലെ കുഴിൽ ചാടി ടൂവീലർ മറിഞ്ഞാണ് കുഞ്ഞുമുഹമ്മദിന് ഗുരുതര പരിക്ക് പറ്റിയത്. മുഖം കുത്തിയാണ് വീണത്. വീഴ്ചയുടെ ആഘാതത്തിൽ കൈക്കുഴ തെറ്റി. തലക്കും കാലിനും പരിക്കേറ്റ് ചികിത്സയിലായിരുന്നു.
അതേസമയം ആലുവ -പെരുമ്പാവൂർ റോഡിൽ ഇന്നും അപകടം സംഭവിച്ചു. ചാലാക്കയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇതിനെതിരെ റോഡിൽ കിടന്ന് നാട്ടുകാർ പ്രതിഷേധിച്ചു. റോഡിന്റെ അറ്റകുറ്റ പണികൾക്കായി അനുവദിച്ച പണം ചെലവാക്കിയില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഏറെ നാളുകൾക്ക് മുൻപ് ഈ റോഡിന്റെ അവസ്ഥയെ ഹൈക്കോടതി വിമർശിച്ചിരുന്നു.















