നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ടെൻഷൻ. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ അവരവരുടേതായ ടെൻഷനുകൾ ജീവിതത്തിലുണ്ട്. ശരിയായി ശ്രദ്ധിച്ചില്ലെങ്കിൽ വലിയ പ്രശ്നങ്ങൾക്കുവരെ നമ്മുടെ ചെറിയ ടെൻഷനുകൾ കാരണമായേക്കാം. ഹൃദ്രോഗം, പ്രമേഹം, തലവേദന തുടങ്ങി അൾഷിമേഴ്സിനുവരെ കാരണക്കാരനായേക്കാവുന്ന വില്ലനാണ് ടെൻഷൻ.
ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ജീവിതത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്ന ടെൻഷൻ അകറ്റാൻ നമുക്ക് സാധിക്കും. അതിൽ ആദ്യത്തേത് നമുക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അകന്നുമാറി നിൽക്കാം എന്നതാണ്. ഇതിലൂടെ ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ നമുക്ക് സാധിക്കുന്നു.
ചെയ്യാനുള്ള കാര്യങ്ങൾ സമയബന്ധിതമായി ചെയ്ത് തീർക്കുക എന്നാണ് ടെൻഷൻ ഇല്ലാതാക്കാനുള്ള മറ്റൊരു പോംവഴി. കാര്യങ്ങൾ പിന്നേക്ക് നീക്കിവയ്ക്കാതെ അപ്പപ്പോൾ തന്നെ ചെയ്ത് തീർക്കുക. ഇത് നമ്മളിലെ സമ്മർദ്ദം കുറയ്ക്കും. ഒരു സമയം ഒരു കാര്യത്തിൽ മാത്രം പൂർണ ശ്രദ്ധ പതിപ്പിക്കുക എന്നതും ടെൻഷൻ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗമാണ്. ഊഹാപോഹങ്ങളോട് വിട പറയുകയും, ഭാവിയെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കുകയും ചെയ്താൽ നമ്മുടെ ജീവൻ ടെൻഷൻ ഫ്രീയാക്കാം.
നമ്മെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്ന രണ്ട് കാര്യങ്ങളാണ് പുകവലിയും മദ്യപാനവും. ഇത് രണ്ടും ഒഴിവാക്കുന്നത് ടെൻഷൻ അകറ്റാൻ സഹായകമാകും. അമിതമായ ഉറക്കം, ജങ്ക് ഫുഡ്, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം എന്നിവ ഒഴിവാക്കുന്നതും ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് നമ്മെ നയിക്കും.
സമ്മർദ്ദം ഉള്ളവർ അത് കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ പതിവാക്കിയാൽ നന്നാകും. ഇതിൽ ആദ്യത്തേത് ഇലക്കറികളാണ്. ഇലക്കറികൾ ഭക്ഷണത്തിൽ ധാരാളമായി കഴിക്കുന്നത് ടെൻഷൻ കുറയ്ക്കാൻ ഗുണം ചെയ്യും. ചൂര, അയല എന്നീ മത്സ്യങ്ങൾ കഴിക്കുന്നതും സമ്മർദ്ദം അകറ്റാൻ നല്ലതാണ്. മുട്ട, തൈര്, പഴം, ചോക്ലേറ്റ്, ഓട്സ്, വാൾനട്ട്, ഉള്ളി എന്നിവയും കഴിക്കാം. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ടെൻഷൻ ഇല്ലാതാക്കാൻ ഉത്തമമാണ്. ബ്രഡ്, പേസ്ട്രികൾ, പഞ്ചസാര ചേർത്ത വിഭവങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ, ഉപ്പും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ എന്നിവയാണ് ഒഴിവാക്കേണ്ടത്.
Comments