ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് വ്യാഴാഴ്ച മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങും. ശശി തരൂരിന്റേയും അശോക് ഗെഹ്ലോട്ടിന്റേയും പേരുകളാണ് നിലവിൽ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാൻ ഇല്ലെന്ന നിലപാടാണ് ഗെഹ്ലോട്ട് സ്വീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചാൽ, തന്റെ എതിരാളിയായ സച്ചിൻ പൈലറ്റ് ആ സ്ഥാനം ഏറ്റെടുക്കുന്നതിൽ അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട്.
അടുത്ത മാസം 17ാം തിയതിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഏഴ് സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളവും വൈകാതെ തന്നെ ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കുമെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയ്ക്കും താത്കാലിക ഇടവേള നൽകി രാഹുൽ ഡൽഹിയിലേക്ക് പോകും. ചില പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുൽ ഡൽഹിയിലെത്തുന്നതെന്നാണ് വിവരം.
രാഹുൽ മത്സരിച്ചാൽ താൻ പിന്മാറുമെന്നാണ് ശശി തരൂർ അറിയിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള നേതാക്കളിൽ നിന്ന് ശശി തരൂരിന് പിന്തുണ കിട്ടിയിട്ടില്ല. രാഹുൽ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യം.
Comments