മലയാളിയ്ക്ക് വേപ്പിലയില്ലാതെ എന്ത് കറിയല്ലെ. പാചകത്തിൽ മാത്രമല്ല സൗന്ദര്യത്തിലും മുടിയുടെ വളർച്ചയിലും കറിവേപ്പിലയുടെ പങ്ക് ഒഴിച്ചുകൂടാൻ കഴിയുന്നതല്ല. കറിവേപ്പില സുലഭമായി ലഭിക്കാത്തതിനാൽ സൂക്ഷിച്ച് വെയ്ക്കാൻ പാടുപൊടുന്നതായി കാണുന്നു. ദീർഘ നാളത്തേയ്ക്ക് വേപ്പില കേടുകൂടാതെ സൂക്ഷിച്ച് വെയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില നുറുങ്ങ് വിദ്യകൾ.
വെള്ളത്തിലിട്ട് സൂക്ഷിച്ചാൽ കറിവേപ്പിലയുടെ ഗുണങ്ങൾ പോകാതെ ഉപയോഗിക്കാൻ കഴിയും. തണ്ടുകളാണ് ഇത്തരത്തിൽ സൂക്ഷിക്കേണ്ടത്. വലുപ്പമുള്ള കുപ്പിയിലോ ജാറിലോ വെള്ളം നിറച്ച് അതിൽ ഈ തണ്ടുകൾ സൂക്ഷിച്ചുവെയ്ക്കാവുന്നതാണ്. തണ്ട് അല്ലാതെ ഇല മാത്രം വെള്ളത്തിൽ സൂക്ഷിച്ചാൽ കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ കറിവേപ്പില ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാവുന്നതാണ്. തളിരിലകൾ വേണം ആദ്യം ഇങ്ങനെ സൂക്ഷിക്കാൻ എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതത്തിൽ കറിവേപ്പില കഴുകിയെടുത്ത് പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നതും കറിവേപ്പില കേടുകൂടാതെയിരിക്കാൻ സഹായിക്കും.പ്ലാസ്റ്റിക് പാത്രത്തിന് പകരം ചില്ല് പാത്രത്തിലും വേപ്പില സൂക്ഷിക്കാവുന്നതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. അതിന് ശേഷം മറ്റൊരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് മൂടുക. പാത്രത്തിൽ അധികം കറിവേപ്പിലകൾ നിറയ്ക്കാതെ ഇരിക്കാനും മുറുക്കി അടച്ച് വയ്ക്കാനും ശ്രദ്ധിക്കണം.ഇങ്ങനെ രണ്ട് മാസം വരെ കറിവേപ്പില സൂക്ഷിക്കാവുന്നതാണ്.
മൂത്ത ഇലകളാണെങ്കിൽ കോട്ടൺ തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. തണ്ടോടു കൂടിയാണ് ഇതും സൂക്ഷിക്കേണ്ടത്. വിനാഗിരിയും വെള്ളവും ഒന്നിപ്പിച്ച് അതിൽ കറിവേപ്പില മുക്കി വെയ്ക്കണം. ശേഷം ഇലകൾ കഴുകിെയടുത്ത് പേപ്പറിൽ നിവർത്തിയിടുക. രാത്രിയിൽ ഇങ്ങനെ ചെയ്യുന്നതാണ് ഉത്തമം. ഇങ്ങനെ ഉണക്കിയെടുത്ത ഇലകളാണ് കോട്ടൺ തുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കേണ്ടത്. ആറു മാസം വരെ കറിവേപ്പില സൂക്ഷിക്കാൻ കഴിയും.
Comments