ചെന്നൈ: ചികിത്സയിൽ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകൾ സിപിഐഎം എംഎൽഎമാർ അടക്കമുള്ളവർ പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് എംഎൽഎമാർ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ മാസം 30 നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയിൽ നൽകുക. തുടർ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് പാർട്ടി നേതൃത്വമാണ്.
ആരോഗ്യപ്രശ്നങ്ങൾ കാരണം ആഗസ്റ്റ് 28 നാണ് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ മന്ത്രിയായിരുന്ന എംവി ഗോവിന്ദൻ ചുമതലയേൽക്കുകയായിരുന്നു.
Comments