പഫ്സ് ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ബേക്കറികളുടെ ചില്ലുകൂട്ടിൽ അവ ഇരിക്കുന്നതു കണ്ട് ഒന്ന് കഴിച്ചാൽ കൊള്ളാം എന്ന് തോന്നിയാൽ അത് കുറ്റമൊന്നുമല്ല. അത്രയേറെ രുചിയുള്ള ഒരു പലഹാരമാണ് പഫ്സ്. പഫ്സിൽ മലയാളികൾക്ക് ഏറെ പ്രിയം മുട്ട പഫ്സിനോടാണ്. കഴിക്കുന്നവരെ വലയ്‌ക്കുകയും ചെയ്യുന്ന ഒരു പലഹാരം കൂടിയാണ് പഫ്സ്. മഹേഷിന്റെ പ്രതികാരത്തിൽ സൗബിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. ‘നാണംകെടുത്തുന്ന പലഹാരമാണ് ഈ പഫ്സ്’ എന്ന്. ശരിയാണ്, മുഖത്ത് പറ്റിപ്പിടിക്കാതെ പഫ്സ് കഴിക്കുക എന്നത് കുറച്ചു പ്രയാസം തന്നെ. എന്നിരുന്നാലും മലയാളികളുടെ ഇഷ്ടപ്പെട്ട പലഹാരമാണിത്. ബേക്കറികളിൽ ലഭിക്കുന്ന രുചിയോടെ പഫ്സ് വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുമോ എന്നതാണ് പലർക്കും സംശയം. എന്നാൽ മുട്ട പഫ്സ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ,
ഓൾ പർപ്പസ് ഫ്ലോർ/ മൈദ – 1 .5 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ബട്ടർ / നെയ്യ് – 2 ടേബിൾ സ്‌പൂൺ
മുട്ട -1
വെള്ളം – ആവശ്യത്തിന്
മസാല തയ്യാറാക്കാൻ ആവശ്യമായത്,
ഓയിൽ – 1 ടേബിൾ സ്‌പൂൺ
സവാള – 3 (വലുത് )
വെളുത്തുള്ളി – 3 അല്ലി (വലുത്)
ഇഞ്ചി – ചെറിയ കഷണം
കറിവേപ്പില – 5 – 10 ഇലകൾ
മുളക് പൊടി – 1/ 2 ടീസ്‌പൂൺ
മഞ്ഞൾ പൊടി -1/ 4 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
മുട്ട പുഴുങ്ങിയത് – 3 എണ്ണം
മുട്ട പഫ്സ് തയ്യറാക്കുന്ന വിധം,
മൈദയിൽ ഉപ്പ്, ബട്ടർ, മുട്ട, വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കുക. ശേഷം, മാവ് 15 മിനിറ്റ് മാറ്റി വയ്‌ക്കുക. ഈ സമയം മസാല തയാറാക്കുക. എണ്ണ ചൂടാകുമ്പോൾ സവാള വഴറ്റിയെടുക്കുക. അതിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ ഇട്ടു വഴറ്റുക. പഫ്‌സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. അതിൽ 6 എണ്ണം പൂരിയുടെ വലിപ്പത്തിൽ പരത്തുക. പരുത്തുന്നതിൽ ഓരോന്നിലും ബട്ടർ തേച്ച്, ഒന്നിന് മുകളിൽ ഒന്നായി അടുക്കുക. പിന്നെ എല്ലാം കൂടി നേരിയതായി പരത്തുക. ശേഷം അതിനെ ചെറിയ സ്‌ക്വയർ ആയി മുറിക്കുക. എല്ലാത്തിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക. 30 മിനിറ്റ് ഇവ ബേക്ക് ചെയ്തിന് ശേഷം എടുക്കാം. പാത്രത്തിൽ തട്ടുവച്ച് അതിൽ പഫ്സ് നിരത്തി 30 മിനിറ്റ് ചെറുതീയിൽ തയ്യാറാക്കാം.















