കൊച്ചി: ഇന്ന് പോപ്പുലർ ഫ്രണ്ടുകാരെയാണെങ്കിൽ നാളെ നിങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന ഉമ്മാക്കികാട്ടലിനെതിരെ കൃത്യമായ മറുപടിയുമായി പ്രമുഖ സ്വതന്ത്രചിന്തക ജസ്ല മാടശ്ശേരി. ‘ഇന്ന് നമ്മളെ നാളെ നിങ്ങളെ എന്ന പേടിപ്പിക്കലൊന്നും വേണ്ട, നിങ്ങൾ ഒറ്റയ്ക്ക് ജയിലിലായാൽ മതി , ജയിലിൽ പിടിച്ചിടാൻ ഞങ്ങൾ തീവ്രവാദികളല്ല’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജസ്ല മാടശേരി വ്യക്തമാക്കുന്നത്.
ലോകത്തെവിടെ സർക്കാർ സംവിധാനങ്ങൾ ഭീകരവാദികളെ അറസ്റ്റു ചെയ്താലും അവർ സ്ഥിരം ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിരോധമാണ് അറസ്റ്റു ചെയ്യപ്പെട്ടവർ ഭരണകൂട ഭീകരതയുടെ ഇരകളാണ് എന്നത്. ജനാധിപത്യ സംവിധാനങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ എടുക്കുന്ന നടപടികളെ എപ്പോഴും ഇത്തരത്തിലുളള ഇരവാദത്തിലൂടെയാണ് അവർ പ്രതിരോധിക്കുന്നത്. ഇത്തരം പ്രതിരോധ വാദങ്ങളിൽ അധോഗമന ഇടതുപക്ഷ ലിബറലുകളും ഭീകരവാദികൾക്ക് ചൂട്ട്പിടിക്കാറുണ്ട്. ആ വാദങ്ങളെയാണ് ഭീകരവാദികൾ മാത്രം ഭയന്നാൽ മതിയെന്നും തങ്ങളാരും ഭീകരവാദികളല്ലെന്നും ഉള്ള ജസ്ല മാടിശ്ശേരിയുടെ മറുപടി തകർത്തെറിയുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകയും ഇടതുപക്ഷ ലിബറലുമായ ജസ്ല മാടശ്ശേരി കോൺഗ്രസിന്റെ ജവഹർ ബാലജന വേദിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു. മുസ്ലിം മതം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തകയായതിനു ശേഷം കനത്ത എതിർപ്പുകളാണ് അവർക്ക് യാഥാസ്ഥിതികരിൽ നിന്ന് നേരിടേണ്ടി വന്നത് . മോദി സർക്കാരിനെയും, സംഘപരിവാറിനെയും പലപ്പോഴും വിമർശന മുനയിൽ നിർത്താറുള്ള ആളാണ് ജസ്ല മാടശ്ശേരി. ജസ്ല മാടശേരിയെപോലെയുള്ളവരുടെ നിലപാട് ഭീകരവാദികളെ പ്രീണിപ്പിക്കാൻ പ്രസ്താവനകളിറക്കുന്ന വി.ടി ബൽറാമിനെപോലെയുള്ള ഇരട്ടത്താപ്പുകാർക്ക് ഈ അവസരത്തിൽ മാതൃയാക്കാവുന്നതാണ് എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നത്.
Comments