ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതായി പരാതി. വരും ദിവസം പുതിയ സ്ഥലത്തേയ്ക്ക് മാറാൻ തടങ്കലിൽ ആക്കിയവർ നിർദേശിച്ചതായി ഇന്ത്യൻ പൗരന്മാർ കുടുംബത്തെ അറിയിച്ചു. തടങ്കൽപാളയത്തിൽ നിന്ന് നാല് പേർ രക്ഷപ്പെട്ടിരുന്നു. എന്നാൽ വിസ രേഖകളില്ലാത്തതിനാൽ തായ്ലൻഡ് വിമാനത്താവളത്തിൽ ഇവരെ തടഞ്ഞു.
കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഇവരെ മറ്റൊരിടത്തേയ്ക്ക് മാറ്റാൻ സായുധ സംഘം നീക്കം തുടങ്ങിയത്. ഇവരുടെ താമസ സ്ഥലത്തും നിയന്ത്രണങ്ങൾ കർശനമാക്കി. വിസയ്ക്കായി 1.20 ലക്ഷം രൂപ വരെ നൽകിയാണ് പലരും തായ്ലൻഡിന് പോയത്.
തായ്ലൻഡിലും മലേഷ്യയിലും ഡേറ്റ എൻട്രി ജോലി എന്ന പരസ്യങ്ങളിൽ അകപ്പെട്ടാണ് ഭൂരിഭാഗം ആളുകളും കുടുങ്ങി കിടക്കുന്നത്. ഇത്തരം പരസ്യങ്ങളിൽ മിക്കതും ഈ സംഘത്തിന്റെ തന്നെയാണെന്നും ഇന്ത്യൻ പൗരന്മാർ പറയുന്നത്. വിദേശ രാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർ ജാഗ്രതയോടെ നീങ്ങണമെന്നും സംഘം പറയുന്നു.
30 മലയാളികൾ ഉൾപ്പെടെ 300 ഇന്ത്യക്കാരാണ് തടങ്കലിൽ കഴിയുന്നത്. ഇവരെ എത്രയും വേഗം രക്ഷിക്കാൻ ഇന്ത്യൻ എംബസി അധികൃതർക്ക് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സായുധ സംഘത്തിന്റെ നീക്കം.
Comments