ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതക്കളിൽ പ്രമുഖരാണ് ടാറ്റാ മോട്ടോഴ്സ്. 2021 ഒക്ടോബറിൽ കമ്പനി രാജ്യത്ത് അവതരിപ്പിച്ച വാഹനമാണ് പഞ്ച് മൈക്രോ എസ്യുവി. വിപണിയിൽ ഇറങ്ങി 10 മാസത്തിനുള്ളിൽ എറ്റവും വലിയ വിറ്റുവരവ് രേഖപ്പെടുത്തുന്ന എസ്യുവിയായി പഞ്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ടാറ്റയുടെ എസ്.യു.വി. നിരയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയതും കൂട്ടത്തിൽ കുഞ്ഞനുമായ പഞ്ച് വാഹനപ്രേമികളുടെ മനം കവരുന്ന വാഹനമാണ്. ഒന്നാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന പഞ്ചിന് പുതിയ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. പഞ്ചിന്റെ കാമോ എഡിഷൻ എന്ന പ്രത്യേക പതിപ്പാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ടാറ്റ പഞ്ചിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തി കൊണ്ടും അതേസമയം പുതിയ ഫോളിയേജ് ഗ്രീൻ വർണ്ണത്തിലുമാണ് പഞ്ച് കാമോ എഡിഷൻ എത്തിയിരിക്കുന്നത്. 6.85 ലക്ഷം രൂപയിൽ തുടങ്ങി 8.63 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. കാസിരംഗ എഡിഷനുശേഷം ടാറ്റ പഞ്ചിന്റെ രണ്ടാമത്തെ പ്രത്യേക പതിപ്പാണ് കാമോ എഡിഷൻ. ഫോളിയേജ് ഗ്രീൻ ബോഡി കളറിനൊപ്പം പിയാനോ ബ്ലാക്ക്, പ്രിസ്റ്റൈൻ വൈറ്റ് എന്നീ റൂഫ് നിറങ്ങളിലാണ് വാഹനം എത്തുന്നത്. കാമോ എഡിഷൻ കൂടി വന്നതോടെ ഒമ്പത് നിറങ്ങളിലാണ് പഞ്ച് വിപണിയിൽ ലഭ്യമാകുന്നത്. ഇരട്ട നിറങ്ങളിലുള്ള അലോയി വീലുകളും കാമോ ബാഡ്ജിങ്ങും സിൽവർ സ്കിഡ് പ്ലേറ്റും കാമോ എഡിഷന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.
പഞ്ച് കാമോ എഡിഷന്റെ അകത്തളം ഒരുക്കിയിരിക്കുന്നത് വളരെ മനോഹരമായാണ്. ബ്ലാക്ക് ഡാഷ്ബോർഡിന് മധ്യത്തിൽ നൽകിയിട്ടുള്ള ലൈറ്റ് ഗ്രീൻ ആക്സെന്റ്, മിലിട്ടറി കളർ തീമിൽ ഒരുങ്ങിയിട്ടുള്ള സീറ്റുകൾ, കാമോ ബാഡ്ജിംഗ് എന്നിവയാണ് അകത്തളത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ. ഏഴ് ഇഞ്ച് ഹർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും കാമോ എഡിഷൻ പഞ്ചിന്റെ ഇന്റീരിയറിലുണ്ട്.
Comments