ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും 55 സിഖുകാർ ഡൽഹിയിൽ എത്തി. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിനുളള വിസ ഉൾപ്പെടെയുളള രേഖകൾ ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ നേരത്തെ തയ്യാറാക്കിയിരുന്നു. ഇന്ത്യ അഫ്ഗാനിസ്ഥാൻ സർക്കാരുകളുടെ പൂർണ സഹകരണത്തോടെയാണ് ഇന്ന് രാജ്യ തലസ്ഥാനത്ത് ഇവർ എത്തിയതെന്നും രാജ്യസഭാ എം പി സാഹ്നി അറിയിച്ചു.
അമൃത്സറിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയാണ് 3 ശിശുക്കളും, 38 മുതിർന്നവരും 17 കുട്ടികളും അടങ്ങുന്ന സംഘത്തെ എത്തിക്കാനുള്ള വിമാനങ്ങൾ തയ്യാറാക്കിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന അവസാന ഹിന്ദുവിനേയും തിരികെ കൊണ്ടുവരണമെന്ന് രാജ്യസഭാ എം പിയും ലോക പഞ്ചാബി ഓർഗനൈസേഷന്റെ പ്രസിഡന്റ് കൂടിയായ സാഹ്‌നി പറഞ്ഞു
അഫ്ഗാനിസ്ഥാനിൽ നിന്നും തിരികെ എത്തിയ ഹിന്ദു, സിഖ് വംശജരുടെ പുനരധിവാസം ഏറ്റെടുത്തു നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്കായി പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ ഇൻഷുറൻസ്, മാസന്തോറുമുള്ള ചിലവ്, തുടങ്ങിയവ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ കുടുംബം എന്റെ ഉത്തരവാദിത്തം എന്ന പദ്ധതിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നും തിരികെ എത്തിയ 543 ഹിന്ദു, സിഖ് കുടുംബത്തിന് വേണ്ടിയുള്ള പുനരധിവാസം പടിഞ്ഞാറൻ ഡൽഹിയിൽ ഒരുക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയവർക്ക് വേണ്ടി അർജുൻ നഗറിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരക്ക് മുന്നിൽ സ്വാഗത സമ്മേളനം ഒരുക്കിയിട്ടുണ്ടെന്നും സാഹ്‌നി കൂട്ടിച്ചേർത്തു.















